റവന്യൂ സേവനങ്ങൾ ഇനി ഡിജിറ്റൽ; 20 കോടിയുടെ പദ്ധതി

റവന്യൂ ഭരണസംവിധാനം സമഗ്രമായി ഡിജിറ്റലാക്കാൻ 20 കോടി രൂപയുടെ ഭരണാനുമതി. ഭൂമി രേഖകൾ, സർട്ടിഫിക്കറ്റുകൾ, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ, കോടതി കേസുകൾ, ഓഫീസ് ഫയലുകൾ എന്നിവ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലെ വിവിധ ഓൺലൈൻ സേവനങ്ങളെ ഏകീകൃത റവന്യൂ പോർട്ടലിന് കീഴിൽ കൊണ്ടുവരും. റെലിസ് 2.0, ഡിജിറ്റൽ റവന്യൂ കാർഡ്, ഓൺലൈൻ പേയ്മെന്റ്, ഏകീകൃത തണ്ടപ്പേർ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. വിവര കൈമാറ്റത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും എ.ഐ അധിഷ്ഠിത സേവനങ്ങൾക്കും തുടക്കമിടും. പദ്ധതിയുടെ 16.15 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ആർ.ഡി.ഒ ഓഫീസുകളിലും കമ്മിഷണറേറ്റിലും ആധുനിക രേഖാമുറികൾ സജ്ജമാക്കുന്നതിനൊപ്പം ഓൺലൈൻ സേവനങ്ങളുടെ സുരക്ഷയും ശക്തമാക്കും.

നീലക്കുറിഞ്ഞി പൂത്തുതുടങ്ങി; മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക്

മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങിയതോടെയാണ് ഓണാവധിക്ക് മുന്നോടിയായി തന്നെ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ്പ് റോഡ്, ചൊക്രമുടി തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കുറിഞ്ഞി പൂക്കുമെന്നാണ് പ്രതീക്ഷ. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചിത്രങ്ങളെടുത്ത ശേഷം നീലക്കുറിഞ്ഞി ചെടികളും പൂക്കളും പറിച്ചുകൊണ്ടുപോകുന്നത് പതിവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. ചെടികളും പൂക്കളും നശിപ്പിക്കുന്നത് 25,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി. അരുൺകുമാർ അറിയിച്ചു.

ആനത്താരകളിൽ തടസ്സം പാടില്ലെന്ന് സുപ്രീം കോടതി

കൃഷിനാശം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി പുതിയ സർവേ നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്നവയാണെന്നും അവയുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. വിളനാശം ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആനത്താരകൾ പ്രാദേശിക കാരണങ്ങളാൽ തടസ്സപ്പെടുന്നതും ആനകളെ തോക്കുകളും മറ്റ് ബലപ്രയോഗങ്ങളും ഉപയോഗിച്ച് തുരത്തുന്നതും സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ആനത്താരകളുടെ സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

ജർമനിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; 2,000 പേരെ ഒഴിപ്പിച്ചു

ജർമനിയിലെ നോർത്ത് റൈൻ-വെസ്‌റ്റ്ഫാലിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ പടരുന്നു. ബെൽജിയൻ അതിർത്തിക്കും ആഹനും സമീപമുള്ള എയ്‌ഫൽ മേഖലയിലെ ചരിത്രപ്രസിദ്ധമായ ഹ്യൂർട്ട്ഗൻ ഫോറസ്റ്റിലാണ് തീ നിയന്ത്രണാതീതമായി വ്യാപിക്കുന്നത്. കനത്ത ചൂടും ശക്തമായ കാറ്റുമാണ് തീ അതിവേഗം പടരാൻ കാരണമാകുന്നത്. ഇതിനോടകം 300 ഹെക്ടറോളം വനഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് സർക്കാർ സ്ഥിരീകരിച്ചു. തീ ജനവാസമേഖലകളിലേക്ക് വ്യാപിച്ചതോടെ ഗെയ് ഗ്രാമത്തിലെ 2,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഡ്യൂറനിലെ സ്‌കൂളുകളിൽ അടിയന്തര ദുരിതാശ്വാസ ക്യാംപുകളും ഒരുക്കിയിട്ടുണ്ട്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഗ്രോസ്ഹൗ മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് നാല് രക്ഷാപ്രവർത്തകർക്കും ഒരു വയോധികനും പരുക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ഓണാഘോഷത്തിന് യൂണിഫോം വേണ്ട; സ്കൂൾ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 21ന് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ഓണാഘോഷം നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ ഓണാവധിക്ക് ശേഷമായിരിക്കും നടത്തുക. ഓണാഘോഷത്തിനിടയിൽ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ആശങ്കകളില്ലാതെ ഓണാഘോഷത്തിൽ പങ്കെടുക്കാനാകും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് ക്ലാസുകൾ പുനരാരംഭിക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒൻപത് ദിവസമാണ് സ്കൂളുകൾക്ക് ഓണാവധി ലഭിക്കുക.

പാലക്കാട് റെയിൽവേ സ്റ്റേഷനിലെ കുടിവെള്ളത്തിൽ ഇ കോളി

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ വാട്ടർ കൂളറിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. രാജ്യത്തെ മറ്റ് എട്ട് സ്റ്റേഷനുകളിലെ കുടിവെള്ളത്തിലും ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 49 സ്റ്റേഷനുകളിലെ കുടിവെള്ള സാമ്പിളുകളിൽ മാലിന്യം കലർന്നതായും പരിശോധനയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഷനിലെ വാട്ടർ ടാങ്ക് പൂർണമായി മൂടിയിട്ടില്ലെന്നും ടാങ്കിനോട് ചേർന്ന മരത്തിൽ പക്ഷികളും വവ്വാലുകളും തങ്ങുന്നതായും റിപ്പോർട്ടിലുണ്ട്. മഴക്കാലത്ത് യാത്രക്കാർ നനയുന്ന തരത്തിൽ പ്ലാറ്റ്ഫോമുകൾക്കിടയിൽ മേൽക്കൂരയില്ലാത്തതും ആലുവ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിലെ ചില ഫാനുകളും വാട്ടർ കൂളറുകളും പ്രവർത്തിക്കാത്തതും സിഎജി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരേന്ത്യൻ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റേഷനുകൾ വൃത്തിയുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അശോക് ധാം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം

ബിഹാറിലെ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ക്ഷേത്രത്തിലെത്തിയതാണ് അപകടത്തിന് കാരണമായത്. രാവിലെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ ക്ഷേത്രത്തിന് സമീപം എത്തിയതോടെ ഭക്തരുടെ എണ്ണം പെട്ടെന്ന് വർധിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകർന്നു. ഇതോടെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയും തിക്കിലും തിരക്കിലുംപ്പെടുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ 15 പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ആൾക്കൂട്ട നിയന്ത്രണ നടപടികളും പുരോഗമിക്കുകയാണ്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രതികരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഗാസ സമാധാനപദ്ധതി തള്ളി ഇസ്രയേൽ; പ്രതിഷേധവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങൾ

ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ ഇസ്രയേൽ നിരസിച്ചതിനെതിരെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യുഎഇ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ നിരാകരിച്ചതിനെയും രാജ്യങ്ങൾ അപലപിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പതിനഞ്ചോളം ആവശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് ട്രംപിന്റെ പദ്ധതി. എന്നാൽ ഹമാസിനെ പൂർണമായി നിരായുധരാക്കാതെ ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആയുധങ്ങൾ കൈമാറുന്നത് ഇസ്രയേലിന്റെ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധരാക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി. അതുവരെ ഇസ്രയേൽ സേനയ്ക്കും പൗരന്മാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വികസനത്തിന്റെ പാത വിശാലമാകുമ്പോൾ, സാധാരണക്കാരന്റെ ജീവിതവഴി ഇടുങ്ങരുത്. റോഡിന് സ്ഥലം നൽകിയവർക്ക് ജീവിതം പുനർനിർമിക്കാനും ഇടം വേണം.

വികസനത്തിനായി വീടും സ്ഥലവും സ്ഥാപനങ്ങളും ഉപജീവനമാർഗങ്ങളും വിട്ടുനൽകിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. നഷ്ടപരിഹാരം ലഭിച്ചെങ്കിലും ജീവിതം പൂർണമായി പുനർനിർമിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. ഒരിക്കൽ വികസനത്തിനായി കുടിയൊഴിഞ്ഞവർക്ക് വീണ്ടും ജീവിതം തുടങ്ങാനുള്ള അവസരം പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ദേശീയപാതയുടെ മധ്യത്തിൽനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനങ്ങൾക്കും അനുമതിയില്ലെന്ന വ്യവസ്ഥ കേരളത്തിൽ വലിയ പ്രതിസന്ധിയാകാം. റോഡരികിലെ ചെറിയൊരു കടയോ വർക്ക്ഷോപ്പോ ഒരു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമാണ്. അതിനാൽ റോഡുസുരക്ഷയ്ക്കൊപ്പം കേരളത്തിന്റെ ജനസാന്ദ്രതയും ഭൂമിയുടെ പരിമിതിയും പരിഗണിച്ച് പ്രദേശത്തിനനുസരിച്ചുള്ള മാനദണ്ഡങ്ങൾ വേണം. ഭൂമി വിട്ടുനൽകിയവരുടെ പുനരധിവാസം നഷ്ടപരിഹാരത്തിൽ മാത്രം അവസാനിക്കാതെ ഉപജീവനം പുനഃസ്ഥാപിക്കാനുള്ള അവസരവും ഉറപ്പാക്കണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിരവധി കുടുംബങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. വികസനത്തിനായി സ്വന്തം മണ്ണ് വിട്ടുനൽകിയവർക്ക് വീണ്ടും ജീവിതം പടുത്തുയർത്താനുള്ള അവസരം നിഷേധിക്കപ്പെടരുത്. ഒരു ദേശീയപാത പണിയുമ്പോൾ ടാറും കോൺക്രീറ്റും മാത്രമല്ല, മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും കൂടിയാണ് അതിലൂടെ കടന്നുപോകുന്നത്. അതുകൊണ്ട് വികസനത്തിന്റെ വഴിയിൽ റോഡിന് സ്ഥലം നൽകിയവരുടെ ജീവിതത്തിലേക്കുള്ള വഴിയും തുറന്നുതന്നെ വേണം.