ഗാസ സമാധാനപദ്ധതി തള്ളി ഇസ്രയേൽ; പ്രതിഷേധവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങൾ

ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ ഇസ്രയേൽ നിരസിച്ചതിനെതിരെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യുഎഇ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ നിരാകരിച്ചതിനെയും രാജ്യങ്ങൾ അപലപിച്ചു.

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പതിനഞ്ചോളം ആവശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് ട്രംപിന്റെ പദ്ധതി. എന്നാൽ ഹമാസിനെ പൂർണമായി നിരായുധരാക്കാതെ ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

എന്നാൽ ആയുധങ്ങൾ കൈമാറുന്നത് ഇസ്രയേലിന്റെ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധരാക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി. അതുവരെ ഇസ്രയേൽ സേനയ്ക്കും പൗരന്മാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *