ജർമനിയിലെ നോർത്ത് റൈൻ-വെസ്‌റ്റ്ഫാലിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ പടരുന്നു. ബെൽജിയൻ അതിർത്തിക്കും ആഹനും സമീപമുള്ള എയ്‌ഫൽ മേഖലയിലെ ചരിത്രപ്രസിദ്ധമായ ഹ്യൂർട്ട്ഗൻ ഫോറസ്റ്റിലാണ് തീ നിയന്ത്രണാതീതമായി വ്യാപിക്കുന്നത്. കനത്ത ചൂടും ശക്തമായ കാറ്റുമാണ് തീ അതിവേഗം പടരാൻ കാരണമാകുന്നത്.
ഇതിനോടകം 300 ഹെക്ടറോളം വനഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് സർക്കാർ സ്ഥിരീകരിച്ചു. തീ ജനവാസമേഖലകളിലേക്ക് വ്യാപിച്ചതോടെ ഗെയ് ഗ്രാമത്തിലെ 2,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഡ്യൂറനിലെ സ്‌കൂളുകളിൽ അടിയന്തര ദുരിതാശ്വാസ ക്യാംപുകളും ഒരുക്കിയിട്ടുണ്ട്.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഗ്രോസ്ഹൗ മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് നാല് രക്ഷാപ്രവർത്തകർക്കും ഒരു വയോധികനും പരുക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.





