സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഎഇയിൽ വേനൽച്ചൂടിന് ശമനമില്ല. ഓഗസ്റ്റ് 14ന് അൽ ദഫ്റയിലെ ബദാ ദഫാസിൽ ഉച്ചയ്ക്ക് രണ്ടിന് 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന 51.2 ഡിഗ്രി സെൽഷ്യസിനോട് അടുത്ത താപനിലയാണിത്.
ഈ വർഷം ഓഗസ്റ്റ് 24നാണ് സുഹൈൽ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി സുഹൈലിന്റെ ഉദയം ചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈൽ ഉദിച്ചാലുടൻ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
പകൽ താപനില ക്രമേണ കുറയുമെങ്കിലും ഈർപ്പം ഉയരുന്നതിനാൽ ചൂടിന്റെ അസ്വസ്ഥത തുടർന്നേക്കാം. താപനില കുറവായാലും ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കാമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.





