AMCAയുടെ കരുത്താകാൻ ഇന്ത്യയിൽ തന്നെ എൻജിൻ; റിലയൻസ്–റോള്സ് റോയ്സ് കൂട്ടുകെട്ട്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ AMCAയ്ക്കായി തദ്ദേശീയമായി എൻജിൻ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് കമ്പനിയായ റോള്സ് റോയ്സും കൈകോർക്കുന്നു. എൻജിന്റെ രൂപകൽപ്പന, വികസനം, നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ ഇരു കമ്പനികളും സഹകരിക്കും. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതാ പദ്ധതിയായ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് പങ്കാളിത്തത്തെ വിലയിരുത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എയ്‌റോസ്‌പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ഇരു കമ്പനികളും പരിശോധിക്കും. റോള്സ് റോയ്സിന്റെ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും അനുഭവസമ്പത്തും റിലയൻസിന്റെ നിർമാണശേഷിയും വ്യവസായിക അടിസ്ഥാനസൗകര്യങ്ങളും സംയോജിപ്പിച്ചായിരിക്കും പദ്ധതി മുന്നോട്ടുപോകുക. ഇതിലൂടെ രാജ്യത്ത് സമഗ്രമായ എയ്റോ-എൻജിൻ വ്യവസായ സംവിധാനം വളർത്തുകയാണ് ലക്ഷ്യം.

ഇരട്ട എൻജിനുള്ള മധ്യഭാര വിഭാഗത്തിലെ അഞ്ചാം തലമുറ യുദ്ധവിമാനമായാണ് AMCA വികസിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028-ഓടെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എയർഫ്രെയിം, റഡാർ, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറിയിട്ടുണ്ടെങ്കിലും അത്യാധുനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഇപ്പോഴും വലിയ വെല്ലുവിളിയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *