കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക ഉയർന്നിട്ടുള്ള കളനാശിനിയായ ഗ്ലൈഫോസേറ്റിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. പൂർണനിരോധനത്തിന് പകരം നിയന്ത്രിത ഉപയോഗത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി തീരുമാനിച്ചത്.
കൃഷിയിടങ്ങളിൽ ഗ്ലൈഫോസേറ്റ് നേരിട്ട് പ്രയോഗിക്കാൻ ഇനി അനുമതിയുണ്ടാകില്ല. പ്രത്യേക പരിശീലനം നേടിയ ലൈസൻസുള്ള പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റ്ഴ്സിനു മാത്രമായിരിക്കും അനുമതി. തുടർനടപടികൾക്കായി ശുപാർശ കൃഷിമന്ത്രാലയത്തിലെ കൃഷി, കർഷക ക്ഷേമ വകുപ്പിന് കൈമാറാനും കമ്മിറ്റി നിർദേശിച്ചു.
അതേസമയം നിയന്ത്രിത ഉപയോഗം മാത്രം അനുവദിക്കുന്ന തീരുമാനം വിമർശനത്തിനും ഇടയാക്കുന്നുണ്ട്. ഗ്ലൈഫോസേറ്റ് ഉപയോഗത്തെ തുടർന്ന് ഭാവിയിൽ അപകടങ്ങളുണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് നിർമാതാക്കൾക്ക് ഒഴിഞ്ഞുമാറാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിമർശനം.
കേരളത്തിൽ ഗ്ലൈഫോസേറ്റിന്റെ വിൽപ്പനയും ഉപയോഗവും 2019 ഫെബ്രുവരിയിൽ രണ്ട് മാസത്തേക്ക് താൽക്കാലികമായി നിരോധിച്ചിരുന്നു. തേയിലത്തോട്ടങ്ങളിലും കൃഷിയില്ലാത്ത ഭൂമിയിലും കളനശീകരണത്തിനും മാത്രമായിരുന്നു നേരത്തെ ഉപയോഗാനുമതി. എന്നാൽ നെൽകൃഷിക്ക് മുൻപ് നെൽപ്പാടങ്ങളിൽ വ്യാപകമായി ഗ്ലൈഫോസേറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതിനിടെ, നെൽപ്പാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാർബോസൾഫാൻ നിരോധിക്കണമെന്ന ശുപാർശയും സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി കൃഷിമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനം പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.





