അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നിയമവുമായി ഫ്രാൻസ് രംഗത്ത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം ഫ്രാൻസ് പാസാക്കി. ഇതോടെ ഇത്തരത്തിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയോടെയാണ് പുതിയ നിയമം നിലവിൽ വന്നത്.
പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിക്കില്ല. കൂടാതെ, ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും സ്ഥിരീകരിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താൻ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്കും നിയമം നിർദേശം നൽകുന്നുണ്ട്.
ചൊവ്വാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകരിച്ച നിയമം പിന്നീട് നാഷണൽ അസംബ്ലിയിലും പാസാവുകയായിരുന്നു.
279 അനുകൂല വോട്ടുകൾക്കും 81 എതിർവോട്ടുകൾക്കുമാണ് ബിൽ സഭയിൽ പാസായത്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്രയും വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യങ്ങളിലൊന്നായി ഫ്രാൻസ് മാറിയിരിക്കുകയാണ്





