പശ്ചിമേഷ്യയിൽ ദീർഘകാലമായി തുടരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി റിപ്പോർട്ടുകൾ. സാഹചര്യങ്ങൾ കണക്കിലെടുത്ത് കപ്പലിന് പകരക്കാരനായി യുഎസ്എസ് ജോർജ് വാഷിങ്ടണെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. ജോർജ് വാഷിങ്ടൺ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നതായി യുഎസ് നാവികസേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
എബ്രഹാം ലിങ്കണിന്റെ യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ ദി വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. എന്നാൽ, 250 ദിവസത്തിലേറെയായി കടലിൽ തുടരുന്ന കപ്പലിലെ നാവികർ കടുത്ത മാനസിക സമ്മർദവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്നതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളും ജനപ്രതിനിധികളും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി.
കപ്പലിലെ ചില നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായും സഹപ്രവർത്തകർ ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമായി.
ഏകദേശം 5,000 നാവികരും മറൈൻസും ഉൾപ്പെടുന്ന ആണവോർജ വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ നവംബർ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. ഫെബ്രുവരി 28ന് ഇറാനുമായി യുഎസ് യുദ്ധം ആരംഭിച്ചതോടെ കപ്പൽ പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
തുടർച്ചയായി 200ലേറെ ദിവസം തുറമുഖത്ത് അടുക്കാതെ കടലിൽ കഴിഞ്ഞത് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായി ജനപ്രതിനിധികൾ പറയുന്നു. കേടായ ടോയ്ലറ്റുകൾ, ചൂടുവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നതിലെ തടസ്സങ്ങൾ എന്നിവയും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, എബ്രഹാം ലിങ്കണിൽ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ യുഎസ് അധികൃതർ തള്ളി.





