പെട്രോളിനായി ഇന്ത്യയെ ആശ്രയിച്ച് റഷ്യ; ആദ്യ കപ്പൽ എത്തി

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഇപ്പോൾ പെട്രോളിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യം. പ്രതിദിനം ഏകദേശം ഒരു കോടി ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യ, ഒപെക് പ്ലസിലെ പ്രധാന ശക്തിയുമാണ്. എന്നാൽ നാല് വർഷമായി തുടരുന്ന യുക്രൈൻ യുദ്ധവും റിഫൈനറികളുടെ പ്രവർത്തനത്തിലുണ്ടായ തടസ്സങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര പെട്രോൾ ക്ഷാമത്തിലേക്ക് നയിച്ചത്.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് റഷ്യ പെട്രോൾ ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയുടെ ഗുജറാത്തിലെ വാഡിനാർ റിഫൈനറിയാണ് റഷ്യയ്ക്ക് ഇന്ധനം എത്തിക്കുന്നത്. റഷ്യ ആദ്യമായാണ് ഇന്ത്യയിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽനിന്നുള്ള പെട്രോളുമായി ആദ്യ കപ്പൽ റഷ്യയിലെത്തിയെന്നാണ് റിപ്പോർട്ട്. കടൽ ചരക്കുനീക്കം നിരീക്ഷിക്കുന്ന കെപ്ലറാണ് ഇക്കാര്യം പുറത്തുവിട്ടത്. വാഡിനാർ റിഫൈനറിയിൽനിന്ന് ഏകദേശം 42,000 ടൺ പെട്രോളാണ് കപ്പൽ റഷ്യയിലെത്തിച്ചത്. ജൂൺ 18-നാണ് കപ്പൽ ഇന്ത്യയിൽനിന്ന് പുറപ്പെട്ടത്.

യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും പ്രവർത്തന തടസ്സങ്ങളും ആഭ്യന്തര ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് വിദേശത്തുനിന്ന് പെട്രോൾ വാങ്ങേണ്ടിവന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *