പഴയ ആ അഞ്ചാം ക്ലാസ്സുകാരൻ ഇന്ന് ഹാപ്പിയാണ്! ‘അമ്മു പൂച്ച’യിൽ നിന്നും ‘അട ബൊമ്മളെ’യിലേക്കുള്ള കാർത്തിക്കിന്റെ മാസ്സ് എൻട്രി

ജീവിതം പലപ്പോഴും നേരായ ഒരു പാതയല്ല, മറിച്ച് വളഞ്ഞുമറിഞ്ഞും പോകുന്ന ഒരു കഥപോലെയാണ്. ആ കഥയിൽ ചിലപ്പോൾ നാം കാത്തിരിക്കുന്ന വാതിൽ തുറക്കാതെ പോകും, പക്ഷേ പിന്നീട് അപ്രതീക്ഷിതമായി മറ്റൊരു വാതിൽ തുറന്ന് നമുക്ക് മുന്നിൽ പുതിയ ലോകം തുറക്കും. അത്തരമൊരു വഴിത്തിരിവിലൂടെ കടന്നുപോയ ആളാണ് കാർത്തിക്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ഏറ്റുപാടുന്ന നിരവധി ഗാനങ്ങൾ ഇതിനോടകം അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്, അതിലൂടെ തന്നെ തന്റെ കഴിവ് തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിജയത്തിന്റെ പിന്നിൽ ഒരു ചെറിയ കുട്ടിയുടെ നിരാശയും കാത്തിരിപ്പും ഒളിഞ്ഞിരിക്കുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലരമയുടെ അവസാന പേജിൽ തന്റെ പേരും കവിതയും കാണണമെന്ന ആഗ്രഹം കാർത്തിക്കിനുണ്ടായിരുന്നു. ‘അമ്മു പൂച്ച’യെ കുറിച്ച് ഒരു കവിത എഴുതി അയച്ച ശേഷം, ഓരോ ആഴ്ചയും അദ്ദേഹം ആ പേജ് തിരിഞ്ഞുനോക്കുകയായിരുന്നു. പക്ഷേ, ആ കവിത ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആഴ്ചകൾ കടന്നു, മാസങ്ങൾ കടന്നു, പക്ഷേ കാത്തിരിപ്പ് വെറുതെയായി. ആ സമയത്ത് അത് ഒരു ചെറിയ തോൽവിയായി തോന്നിയിരുന്നെങ്കിലും, അതാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു ഉറച്ച ആഗ്രഹമായി വളർന്നത്. കാലം കടന്നപ്പോൾ, അതേ കുട്ടിയുടെ സ്വപ്നം മറ്റൊരു രൂപത്തിൽ സാക്ഷാത്കരിച്ചു. ഇന്ന് കാർത്തിക്കിന്റെ വാക്കുകൾ ആയിരക്കണക്കിന് ആളുകൾ കേൾക്കുകയും പാടുകയും ചെയ്യുന്നു. ബാലരമയിൽ വരാതെ പോയ ആ കവിതയുടെ സ്ഥാനം ഇന്ന് സിനിമാഗാനങ്ങൾ കൈക്കൊണ്ടിരിക്കുന്നു. ചെറിയ നിരാശകളിൽ നിന്ന് വലിയ നേട്ടങ്ങളിലേക്കുള്ള യാത്ര എങ്ങനെ സാധ്യമാകുമെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് ഇത്. അദ്ദേഹത്തിന്റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, പലരും ഇത് പ്രചോദനമായാണ് ഏറ്റെടുത്തത്. സ്വപ്നങ്ങൾ വൈകിയെത്തിയാലും, അത് നഷ്ടമാകുന്നില്ല എന്നൊരു ഓർമ്മപ്പെടുത്തലായി കാർത്തിക്കിന്റെ കഥ മാറുന്നു.

ബോക്‌സ് ഓഫീസ് വിറപ്പിക്കാന്‍ ഷാജി കൈലാസിന്റെ ‘വരവ്’

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ഷാജി കൈലാസ് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നു. ഇക്കുറി തകര്‍പ്പന്‍ ഗെറ്റപ്പില്‍ ജോജു ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്നു. 98 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം തീയേറ്ററുകളില്‍ ആവേശം വിതറാന്‍ ഒരുങ്ങിയിരിക്കുകയാണ്. ആദ്യമായി ജോജു ജോര്‍ജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകത കൂടിയുളള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാതലൂര്‍, തേനി, കോട്ടയം, വാഗമണ്‍, മുണ്ടക്കയം, എറണാകുളം, തിരുവനന്തപുരം, പൂപ്പാറ എന്നിങ്ങനെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടത്തിയത്. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തവ്സി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. മലയാളത്തിന്റെറെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രയ് ബ്ലിറ്റ്‌സ് നെറ്റ്‌സോവ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിവരും ചിത്രത്തില്‍ പ്രധാവേഷങ്ങളിലെത്തുന്നു. എ.കെ. സാജനാണ് വരവിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ്. ശരവണന്‍. സംഗീതം ഒരുക്കുന്നത് സാം സി എസ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി തോമസ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സ്യമന്തക് പ്രദീപ്, സൗണ്ട് ഡിസൈന്‍ രാമകൃഷ്ണന്‍ എംആര്‍, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റും ഡിസൈന്‍ – സമീറ സനിഷ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍ – റോണ്‍ ഐസക്ക് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്, മാനേജര്‍സ് ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, സ്റ്റില്‍സ് ഹരിതിരുമല, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ് -ബ്രിങ്‌ഫോര്‍ത്ത്, വിശ്വാല്‍ പ്രൊമോഷന്‍ -സാകെപ്ലാന്റ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

ഫിറ്റ്നസ് പ്രേമികള്‍ അറിയാന്‍; രാവിലെയോ വൈകുന്നേരമോ വര്‍ക്ക് ഔട്ട് ചെയ്യാന്‍ അനുയോജ്യം?

ഫിറ്റായ ശരീരവും ഊര്‍ജ്ജസ്വലമായ ജീവിതവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ വ്യായാമം അനിവാര്യമാണ്. എന്നാല്‍ പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ് ‘ഏത് സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യണം?’ എന്നത്. രാവിലെ ഉന്മേഷത്തോടെ തുടങ്ങണോ അതോ വൈകുന്നേരം ജോലി കഴിഞ്ഞ് സ്‌ട്രെസ്സ് മാറ്റാന്‍ ജിമ്മില്‍ പോകണോ? ഫിറ്റ്നസ് വിദഗ്ധനായ കുശ് പാല്‍ സിങ് ഇതിനെക്കുറിച്ച് പങ്കുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ നോക്കാം. വര്‍ക്ക് ഔട്ടിനായി രാവിലെ തന്നെ സമയം തിരഞ്ഞെടുക്കുന്നത് സ്ഥിരമായി ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉന്മേഷത്തില്‍ ഉണര്‍ന്നിരിക്കുന്ന ഉടന്‍ വ്യായാമം ചെയ്യുന്നത് ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ രാവിലെ സമയത്ത് ശരീരത്തിലെ ഊര്‍ജ്ജം കുറവായിരിക്കുമെന്നതിനാല്‍ മിതമായ തീവ്രതയിലുള്ള വ്യായാമമാണ് വേണ്ടതെന്നും കുശ് പാല്‍ സിങ് അഭിപ്രായപ്പെട്ടു. ശരീരം കൂടുതല്‍ ചൂട് പിടിച്ചും വഴക്കമുള്ളതുമായിരിക്കുന്ന സമയമാണ് വൈകുന്നേരം. അതിനാല്‍ കഠിനമായ വ്യായാമം താങ്ങാനുള്ള ശേഷിയും ഈ സമയത്ത് ശരീരത്തിന് ഉണ്ടാകും. ദിവസത്തെ മുഴുവന്‍ മാനസിക സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ടിലൂടെ സാധിക്കും.എന്നാല്‍ ഈ വര്‍ക്ക് ഔട്ട് തുടക്കത്തില്‍ ഉറക്കത്തിനെ ബാധിക്കുമെന്നാണ് കുശ് പാല്‍ സിങ് പറയുന്നത്. ശരിയായ ഉറക്കം ലഭിക്കാന്‍ ശരീരം ഇതുമായി പൊരുത്തപ്പെടേണ്ട സമയം അനിവാര്യമാണ്.എന്നാല്‍ വൈകുന്നേരത്തെ വ്യായാമം സ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഏത് സമയത്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര കൃത്യമായി ചെയ്യുന്നു എന്നത്.’ വ്യായാമം ചെയ്യുന്നതിനായി ഓരോരുത്തരുടെയും ജീവിതശൈലിക്കും ശരീരപ്രകൃതിക്കും അനുസരിച്ചുള്ള സമയം തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

എച്ച്-1ബി വിസ ലഭിക്കാതെ ജോലി നഷ്ടം; കടബാധ്യതയുമായി മടങ്ങുന്ന ഇന്ത്യൻ ടെക്കികൾ

അമേരിക്കയിലെ എച്ച്-1ബി വിസാ സംവിധാനം ഇന്ത്യയിൽ നിന്ന് വരുന്ന ടെക്കികൾക്ക് പ്രധാന തൊഴിൽ വഴിയാണ്. എന്നാൽ ലോട്ടറി സംവിധാനം, നയങ്ങളിലെ മാറ്റങ്ങൾ, കമ്പനികളുടെ പരിമിതികൾ എന്നിവ കാരണം പലർക്കും ജോലി തുടരുന്നത് അനിശ്ചിതമാകുന്നു. അടുത്തിടെ ഒരു ഇന്ത്യൻ ടെക്കി പങ്കുവെച്ച അനുഭവം ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും എച്ച്-1ബി വിസ ലഭിക്കാത്തതിനാൽ അമേരിക്ക വിടേണ്ടിവന്നു. കമ്പനിക്ക് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ റിമോട്ട് ജോലിയോ ഇന്റേണൽ ട്രാൻസ്ഫറോ സാധ്യമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങുക മാത്രമാണ് ബാക്കിയുണ്ടായത്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ഉയരുന്ന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പകൾ പലർക്കും ഇപ്പോഴും അടയ്ക്കാനുള്ള നിലയിലാണ്. യുവാവിന് ഏകദേശം 40 ലക്ഷം രൂപയുടെ കടബാധ്യതയോടെ സ്ഥിരമായ വരുമാനമില്ലാതെ നാട്ടിലേക്ക് മടങ്ങി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഉയർന്ന ശമ്പളം ലഭിച്ചിരുന്നാലും, വിസാ അനിശ്ചിതത്വം കാരണം ദീർഘകാല സാമ്പത്തിക പദ്ധതികൾ തകരാറിലാകുന്ന സാഹചര്യമാണ് നേരിടേണ്ടിവന്നത്. ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ സാമ്പത്തിക ആസൂത്രണക്കുറവാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, മറ്റുചിലർ വിസാ സംവിധാനം സ്വഭാവത്തിൽ തന്നെ അനിശ്ചിതമാണെന്നും വ്യക്തികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നും പറയുന്നു. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനാൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് സാമ്പത്തിക സുരക്ഷയും ബദൽ കരിയർ സാധ്യതകളും മുൻകൂട്ടി പരിഗണിക്കുന്നത് അനിവാര്യമായി മാറുന്നു.

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ താരതിളക്കം!മോഹൻലാൽ മികച്ച നടൻ, കല്യാണിയും അനശ്വരയും നടിമാർ; എക്കോ’ മികച്ച ചിത്രം;

കേരളത്തിലെ ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കിയിരുന്ന ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. താരപ്രഭയും കലാമൂല്യവും ഒത്തുചേർന്ന ഒരു പുരസ്കാരപ്പട്ടികയാണ് ഇത്തവണത്തേത്.സംസ്ഥാന അവാർഡിന് ശേഷം ജൂറി സിനിമകൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന കേരളത്തിലെ ഏക പുരസ്കാരമായ ഫിലിം ക്രിട്ടിക്സ് അവാർഡ്, ഇത്തവണ 60 ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ചവയെ കണ്ടെത്തിയത്. പ്രധാന പുരസ്കാരങ്ങൾ;മികച്ച ചിത്രം: എക്കോ (സംവിധാനം: ദിൻജിത് അയ്യത്താൻ)മികച്ച നടൻ: മോഹൻലാൽ (ചിത്രങ്ങൾ: തുടരും, ഹൃദയപൂർവം)മികച്ച നടിമാർ: കല്യാണി പ്രിയദർശൻ (ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ)മികച്ച സംവിധായകൻ: ഡൊമിനിക്ക് അരുൺ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര)ചലച്ചിത്രരത്നം പുരസ്കാരം: സംഗീത ഇതിഹാസം എം.ജി. ശ്രീകുമാർ. റൂബി ജൂബിലി അവാർഡ്: സംവിധായകൻ പ്രിയദർശൻ. ചലച്ചിത്ര പ്രതിഭാപുരസ്കാരം: ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി.ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ)മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ, ദിലീഷ് പോത്തൻ.മികച്ച രണ്ടാമത്തെ നടി: ഹണി റോസ്, ശുഭ വയനാട്.ഗായകർ: നവനീത് ഉണ്ണികൃഷ്ണൻ , ഗായിക ;സിത്താര കൃഷ്ണകുമാർ, ജെ.ആർ. ദിവ്യ നായർ .സാങ്കേതിക മികവ്: എം.ആർ. രാജാകൃഷ്ണൻ (ശബ്ദമിശ്രണം – എമ്പുരാൻ), ജേക്സ് ബിജോയ് (സംഗീതം).മികച്ച ബാലതാരം: ധാർമ്മിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ(കല്യാണമരം) മികച്ച നവാഗത പ്രതിഭകൾ:നടി, റിയ ഷിബു (സർവം മായ), സംവിധാനം : ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര)മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമ്മാണം: ആകാശ് ഭാസ്‌കരൻ)അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്ക‌ാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രെഗ്നന്റ്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

ഗുജറാത്ത് ടൈറ്റൻസ് vs ആർ.സി.ബി: അഹമ്മദാബാദിൽ തീപാറും പോരാട്ടം;

നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തങ്ങളുടെ തട്ടകത്തിൽ നേരിടാൻ ഗുജറാത്ത് ടൈറ്റൻസ് തയ്യാറെടുക്കുമ്പോൾ മത്സരം പ്രവചനാതീതമാണ് . കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് എത്തുന്നതെങ്കിൽ, ഡൽഹിയെ വെറും 75 റൺസിന് എറിഞ്ഞൊതുക്കിയ കരുത്തിലാണ് ആർ.സി.ബിയുടെ വരവ്. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ലളിതമാണ് – ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ തിളങ്ങിയാൽ അവർക്ക് വിജയം ഉറപ്പാണ്. സീസണിൽ ഗുജറാത്തിന്റെ ആകെ റൺസിന്റെ പകുതിയിലധികവും ഈ മൂന്ന് പേരുടെ ബാറ്റിൽ നിന്നാണ് പിറന്നത്.ഗില്ലും സുദർശനും ഇതിനോടകം തന്നെ 300 റൺസ് പിന്നിട്ടു കഴിഞ്ഞു.വാഷിംഗ്ടൺ സുന്ദർ ഒഴികെയുള്ള മധ്യനിര താരങ്ങൾ ഫോമിലല്ലാത്തത് ഗുജറാത്തിന് തലവേദനയാണ്. ടോപ് ഓർഡർ പരാജയപ്പെട്ടാൽ കളി കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളത്. റബാഡയും സിറാജും നയിക്കുന്ന പേസ് നിരയാണ് ഗുജറാത്തിന്റെ യഥാർത്ഥ കരുത്ത്. കഴിഞ്ഞ മത്സരങ്ങളിൽ പവർപ്ലേയിൽ എതിരാളികളെ വരിഞ്ഞുമുറുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പ്രസീദ് കൃഷ്ണയും ജേസൺ ഹോൾഡറും മികച്ച പിന്തുണ നൽകുന്നു. റാഷിദ് ഖാൻ എന്ന സ്പിൻ മാന്ത്രികൻ കൂടി ഫോമിലേക്ക് ഉയർന്നാൽ ആർ.സി.ബിക്ക് കാര്യങ്ങൾ എളുപ്പമാകില.നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു തകർപ്പൻ ഫോമിലാണ്. വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ നട്ടെല്ല്. 58.50 ശരാശരിയിൽ 162.5 സ്ട്രൈക്ക് റേറ്റോടെ കോഹ്ലി മുന്നേറുന്നു. ദേവ്ദത്ത് പടിക്കൽ (192.06 സ്ട്രൈക്ക് റേറ്റ്), രജത് പാട്ടിദാർ എന്നിവരുടെ സാന്നിധ്യം ബാറ്റിംഗ് നിരയെ അതിശക്തമാക്കുന്നു.ഭുവനേശ്വർ കുമാറും ഹേസൽവുഡും ചേർന്നുള്ള ഓപ്പണിംഗ് സ്പെല്ലുകൾ ഐ.പി.എൽ ചരിത്രത്തിലെ തന്നെ മികച്ചവയായി മാറിക്കഴിഞ്ഞു. നിലവിൽ പർപ്പിൾ ക്യാപ് ഹോൾഡറായ ഭുവിയുടെ നിയന്ത്രണം ആർ.സി.ബിയുടെ പ്രധാന ആയുധമാണ്.അഹമ്മദാബാദ് (ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ: 196).സ്വന്തം മണ്ണിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും ഗുജറാത്ത് പരാജയപ്പെട്ടു. അതേസമയം ആർ.സി.ബി കഴിഞ്ഞ 12 എവേ മത്സരങ്ങളിൽ 11-ലും വിജയിച്ചു. ബാറ്റിംഗിന് അനുകൂലമായ അഹമ്മദാബാദിലെ പിച്ചിൽ ടോസ് നിർണ്ണായകമാകും. ആർ.സി.ബിയുടെ സ്ഥിരതയും ഗുജറാത്തിന്റെ പേസ് കരുത്തും തമ്മിലുള്ള പോരാട്ടത്തിൽ ആര് ചിരിക്കുമെന്ന് കണ്ടറിയാം.

ആഭരണപ്രിയനല്ല അബദ്ധം പറ്റിയതാണ്; സ്വർണ്ണമോതിരത്തിനുള്ളിൽ ശ്വാസംമുട്ടി ചേര, ഒടുവിൽ സാഹസിക മോചനം

സാധാരണ പാമ്പുകൾ വീടിനുള്ളിൽ കയറിയാൽ പേടിച്ച് ഓടുകയാണ് പതിവ്. എന്നാൽ അഡൂർ കൊപ്പളത്തെ സി.എച്ച്. രവിയുടെ വീട്ടിൽ കയറിയ അതിഥി അല്പം ‘ആഡംബരപ്രിയൻ’ ആയിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ ഒളിച്ചിരുന്ന ചേര പുറത്തുവന്നത് വെറുമൊരു പാമ്പായല്ല, വയറിനു ചുറ്റും തിളങ്ങുന്ന ഒരു സ്വർണ്ണമോതിരവും ധരിച്ചാണ് ബാങ്കിൽ പോകാനായി രേഖകൾ തിരയാൻ രവിയുടെ ഭാര്യ ശൈലജ മേശവലിപ്പ് തുറന്നപ്പോഴാണ് ഈ അപ്രതീക്ഷിത കാഴ്ച കണ്ടത്. ഭയന്നുപോയ കുടുംബം ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും  വൊളന്റിയർമാരായ മഹേഷും അനിലും സ്ഥലത്തെത്തുകയും ചെയ്തു. അവർ നടത്തിയ പരിശോധനയിലാണ് നാലടിയോളം നീളമുള്ള ആ ചേരയുടെ മധ്യഭാഗത്ത് സ്വർണമോതിരം മുറുകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ പരേതനായ പിതാവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന ആ മോതിരത്തിനുള്ളിലൂടെ നൂഴ്ന്നിറങ്ങാൻ ശ്രമിച്ച പാമ്പ് അബദ്ധത്തിൽ അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രണ്ടാഴ്ചയോളമായി ആ മേശവലിപ്പ് ആരും തുറന്നിരുന്നില്ല. അത്രയും ദിവസം മോതിരം ശരീരത്തിൽ മുറുകി ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് അവശനിലയിലായിരുന്നു പാമ്പ്.. സ്വർണ്ണമോതിരം മുറിക്കാതെ പാമ്പിനെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വൊളന്റിയർമാർ അതീവ ജാഗ്രതയോടെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.സ്വർണ്ണത്തിന്റെ തിളക്കത്തേക്കാൾ ആ മിണ്ടാപ്രാണിയുടെ ജീവന് വില നൽകിയ വൊളന്റിയർമാരുടെ കരുതലിൽ, ആ ‘ആഭരണപ്രിയൻ’ ഒടുവിൽ സുരക്ഷിതമായി കാടിന്റെ തണലിലേക്ക് മടങ്ങി.

ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മരണം ഉറപ്പ്ഞെട്ടിക്കുന്ന കഥയുമായി പുതിയ കൊറിയൻ ത്രില്ലർ.

നമ്മുടെ ഫോണിലൊരു ആപ്പ് വഴി നമ്മൾ ആഗ്രഹിക്കുന്നതെന്തും സെക്കൻഡുകൾക്കുള്ളിൽ നടക്കുമെന്ന് പറഞ്ഞാൽ ആർക്കായാലും ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നും. പക്ഷേ ആ ആഗ്രഹം സഫലമായാൽ ഉടൻ തന്നെ മരണം പിന്നാലെ വരുമെന്ന് അറിഞ്ഞാലോ? ഇങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന കഥയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ കൊറിയൻ സീരീസായ ‘ഇഫ് വിഷസ് കുഡ് കിൽ’ (If Wishes Could Kill) പറയുന്നത്. കഥ തുടങ്ങുന്നത് ‘ഗിരിഗോ’ എന്നൊരു വിചിത്രമായ ആപ്പിലൂടെയാണ്. അതിൽ നമ്മുടെ പേരും ജനനത്തീയതിയും അടിച്ച് ഒരു ആഗ്രഹം ചോദിച്ചാൽ അത് ഉടൻ നടക്കും. പക്ഷേ ഇതിന് പിന്നിൽ ഭീകരമായ ഒരു ചതിയുണ്ട്. നിങ്ങളുടെ ആഗ്രഹം സഫലമായി കൃത്യം 24 മണിക്കൂറിനുള്ളിൽ നിങ്ങളെ മരണം തേടിയെത്തും. ഈ മരണക്കളിയിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേ ഉള്ളൂ; നിങ്ങൾക്ക് പകരം മറ്റൊരാളെക്കൊണ്ട് ആ ആപ്പിൽ ഒരു ആഗ്രഹം ചോദിപ്പിക്കുക! അതായത്, സ്വന്തം ജീവൻ രക്ഷിക്കാൻ നമ്മൾ ഏറ്റവും സ്നേഹിക്കുന്നവരെപ്പോലും മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ. വെറുമൊരു പ്രേതക്കഥ എന്നതിലുപരി, ഇന്നത്തെ തലമുറ ഫോണിനും സോഷ്യൽ മീഡിയക്കും പിന്നാലെ പോകുമ്പോൾ അറിയാതെ വീണുപോകുന്ന ചതിക്കുഴികളെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്. പഴയകാലത്തെ മന്ത്രവാദവും പുതിയ കാലത്തെ ടെക്നോളജിയും ചേരുമ്പോൾ ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന അനുഭവമാണിത്. സ്വന്തം ജീവൻ നിലനിർത്താൻ കൂട്ടുകാരെ പോലും തള്ളിപ്പറയേണ്ടി വരുന്ന കൗമാരക്കാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ ശരിക്കും നമ്മളെ പേടിപ്പിക്കും. സാധാരണ കണ്ടു മടുത്ത ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന എല്ലാ കൗമാരക്കാരും കണ്ടിരിക്കേണ്ട ഒരു സീരിയസ് ആണിത്.

യഷ് ആരാധകർക്ക് നിരാശ; ‘ടോക്സിക്’ റിലീസ് വീണ്ടും നീട്ടി

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ (Toxic: A Fairy Tale for Grown-ups) എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. നേരത്തെ 2026 ജൂൺ 4-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ചിത്രം വലിയ സ്വീകാര്യത നേടിയതോടെ ഒരു വമ്പൻ ആഗോള റിലീസിനായി അണിയറ പ്രവർത്തകർ പദ്ധതിയിടുകയാണ്. അമേരിക്കയിൽ നടന്ന ‘സിനിമാകോൺ’ (CinemaCon) എന്ന ചലച്ചിത്ര മേളയിൽ ടോക്സിക്കിന് ലഭിച്ച മികച്ച പ്രതികരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. രാജ്യാന്തര സ്റ്റുഡിയോകൾ സിനിമ വിതരണം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ, ലോകമെമ്പാടും ഒരേ സമയം വിപുലമായി ചിത്രം പ്രദർശിപ്പിക്കാനാണ് യഷും സംഘവും ലക്ഷ്യമിടുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് യഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും തടസ്സപ്പെട്ടിരുന്നു. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ടോക്സിക് കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യൻ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അഭിമാനകരമായ ഒരു നിമിഷമായിരിക്കും ഈ സിനിമയെന്നും ആരാധകർക്ക് വലിയൊരു സിനിമാനുഭവം തന്നെയായിരിക്കും ടോക്സിക് വാഗ്ദാനം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ജീവിതത്തിന് ശേഷവും ലോകത്തിന് കാവലായി ബ്രൂസ് വില്ലിസ്; ശാസ്ത്ര പഠനത്തിനായി തലച്ചോറ് വിട്ടുനൽകാൻ കുടുംബം

നമ്മളെയൊക്കെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ആ ‘ഡൈ ഹാർഡ്’ നായകൻ, ഇന്ന് വാക്കുകൾ കിട്ടാതെ പതറുന്നതും പ്രിയപ്പെട്ടവരുടെ മുഖം തിരിച്ചറിയാൻ പ്രയാസപ്പെടുന്നതും ചിന്തിക്കുമ്പോൾ തന്നെ നെഞ്ചിലൊരു ഭാരം വന്നു നിറയും. സിനിമയിൽ ഏതൊരു വില്ലനെയും തകർത്തെറിയുന്ന ബ്രൂസ് വില്ലിസിന് പക്ഷേ, ‘മറവി’ എന്ന ഈ നിശബ്ദ ശത്രുവിനെ തടയാനാകുന്നില്ല. ഡിമെൻഷ്യ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുമ്പോൾ, ആ വേദന പങ്കുവെക്കുന്ന ഭാര്യ എമ്മയുടെ വാക്കുകൾ വായിക്കുമ്പോൾ കണ്ണുനിറയാത്തവരുണ്ടാകില്ല. സത്യത്തിൽ, ഒരാൾ നമ്മളെ പതുക്കെ പതുക്കെ മറന്നു തുടങ്ങുക എന്നത് എത്ര വലിയ നോവാണ്! പക്ഷേ അവിടെയാണ് സ്നേഹത്തിന്റെ കരുത്ത് നാം കാണുന്നത്. തന്റെ ഭർത്താവിനെ വെറുമൊരു രോഗിയായല്ല, മറിച്ച് ഇപ്പോഴും സ്നേഹം അർഹിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവനായി ചേർത്തുപിടിക്കുന്ന എമ്മയും മക്കളും ലോകത്തിന് നൽകുന്നത് വലിയൊരു പാഠമാണ്. “പഴയ ആ മനുഷ്യനല്ലായിരിക്കാം ഇന്ന് അദ്ദേഹം, എങ്കിലും ഞങ്ങളുടെ സ്നേഹത്തിന് മാറ്റമില്ല” എന്ന് അവർ പറയുമ്പോൾ, സ്നേഹിക്കാൻ ഓർമ്മകൾ വേണമെന്നില്ല, ആ സാമീപ്യം മാത്രം മതിയെന്ന് നമുക്ക് തോന്നിപ്പോകും. ഇതിന്റെ ഭാഗമായാണ്, അദ്ദേഹത്തിന്റെ മരണശേഷം തലച്ചോറ് പഠനങ്ങൾക്കായി വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചത്. ഫ്രണ്ടോ ടെമ്പറൽ ഡിമെൻഷ്യ (FTD) എന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇത് സാധിക്കും. സ്വന്തം പേരും കുടുംബത്തെയും മറന്നുള്ള മരണം ആർക്കും ഉണ്ടാവരുതെന്ന് എമ്മ പറയുന്നു. ജീവിതം ചിലപ്പോൾ സിനിമയേക്കാൾ കടുപ്പമേറിയ തിരക്കഥകൾ നമുക്കായി കരുതിവെക്കാറുണ്ട്. ലോകത്തെ വിറപ്പിക്കുന്ന പോരാളിയായി നാം കണ്ട ബ്രൂസ് വില്ലിസ് ഇന്ന് നിശബ്ദനായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന സന്ദേശം വ്യക്തമാണ്: രോഗം ഒരാളുടെ ഓർമ്മകളെ മായ്ച്ചുകളഞ്ഞേക്കാം, എന്നാൽ അവർ നൽകിയ സ്നേഹത്തെയോ അവരോടുള്ള നമ്മുടെ കടപ്പാടിനെയോ മായ്ക്കാൻ അതിനാവില്ല.