നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തങ്ങളുടെ തട്ടകത്തിൽ നേരിടാൻ ഗുജറാത്ത് ടൈറ്റൻസ് തയ്യാറെടുക്കുമ്പോൾ മത്സരം പ്രവചനാതീതമാണ് . കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് എത്തുന്നതെങ്കിൽ, ഡൽഹിയെ വെറും 75 റൺസിന് എറിഞ്ഞൊതുക്കിയ കരുത്തിലാണ് ആർ.സി.ബിയുടെ വരവ്.
ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ലളിതമാണ് – ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ തിളങ്ങിയാൽ അവർക്ക് വിജയം ഉറപ്പാണ്. സീസണിൽ ഗുജറാത്തിന്റെ ആകെ റൺസിന്റെ പകുതിയിലധികവും ഈ മൂന്ന് പേരുടെ ബാറ്റിൽ നിന്നാണ് പിറന്നത്.
ഗില്ലും സുദർശനും ഇതിനോടകം തന്നെ 300 റൺസ് പിന്നിട്ടു കഴിഞ്ഞു.
വാഷിംഗ്ടൺ സുന്ദർ ഒഴികെയുള്ള മധ്യനിര താരങ്ങൾ ഫോമിലല്ലാത്തത് ഗുജറാത്തിന് തലവേദനയാണ്. ടോപ് ഓർഡർ പരാജയപ്പെട്ടാൽ കളി കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളത്.
റബാഡയും സിറാജും നയിക്കുന്ന പേസ് നിരയാണ് ഗുജറാത്തിന്റെ യഥാർത്ഥ കരുത്ത്. കഴിഞ്ഞ മത്സരങ്ങളിൽ പവർപ്ലേയിൽ എതിരാളികളെ വരിഞ്ഞുമുറുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പ്രസീദ് കൃഷ്ണയും ജേസൺ ഹോൾഡറും മികച്ച പിന്തുണ നൽകുന്നു. റാഷിദ് ഖാൻ എന്ന സ്പിൻ മാന്ത്രികൻ കൂടി ഫോമിലേക്ക് ഉയർന്നാൽ ആർ.സി.ബിക്ക് കാര്യങ്ങൾ എളുപ്പമാകില.
നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു തകർപ്പൻ ഫോമിലാണ്. വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ നട്ടെല്ല്. 58.50 ശരാശരിയിൽ 162.5 സ്ട്രൈക്ക് റേറ്റോടെ കോഹ്ലി മുന്നേറുന്നു.
ദേവ്ദത്ത് പടിക്കൽ (192.06 സ്ട്രൈക്ക് റേറ്റ്), രജത് പാട്ടിദാർ എന്നിവരുടെ സാന്നിധ്യം ബാറ്റിംഗ് നിരയെ അതിശക്തമാക്കുന്നു.
ഭുവനേശ്വർ കുമാറും ഹേസൽവുഡും ചേർന്നുള്ള ഓപ്പണിംഗ് സ്പെല്ലുകൾ ഐ.പി.എൽ ചരിത്രത്തിലെ തന്നെ മികച്ചവയായി മാറിക്കഴിഞ്ഞു. നിലവിൽ പർപ്പിൾ ക്യാപ് ഹോൾഡറായ ഭുവിയുടെ നിയന്ത്രണം ആർ.സി.ബിയുടെ പ്രധാന ആയുധമാണ്.
അഹമ്മദാബാദ് (ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ: 196).
സ്വന്തം മണ്ണിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും ഗുജറാത്ത് പരാജയപ്പെട്ടു. അതേസമയം ആർ.സി.ബി കഴിഞ്ഞ 12 എവേ മത്സരങ്ങളിൽ 11-ലും വിജയിച്ചു. ബാറ്റിംഗിന് അനുകൂലമായ അഹമ്മദാബാദിലെ പിച്ചിൽ ടോസ് നിർണ്ണായകമാകും. ആർ.സി.ബിയുടെ സ്ഥിരതയും ഗുജറാത്തിന്റെ പേസ് കരുത്തും തമ്മിലുള്ള പോരാട്ടത്തിൽ ആര് ചിരിക്കുമെന്ന് കണ്ടറിയാം.





