റീലെടുക്കാൻ നദിയിലിൽ വാഹനമിറക്കി; കുത്തൊഴുക്കിൽ കുടുങ്ങി, യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജമ്മു കശ്മീരിലെ സോനമാർഗിൽ സോഷ്യൽ മീഡിയ റീലിനായി സാഹസികതയ്ക്ക് മുതിർന്ന യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുത്തൊഴുക്കുള്ള സിന്ധ് നദിയിലേക്ക് മഹീന്ദ്ര സ്കോർപിയോ ഓടിച്ചിറക്കി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം നദിയുടെ മധ്യഭാഗത്ത് കുടുങ്ങിയത്. ശക്തമായ ഒഴുക്കിൽ വാഹനം ഒലിച്ചുപോകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് റിപ്പോർട്ട്. സോനമാർഗിലെ ഹോട്ടൽ സിന്ധ് റിസോർട്‌സിന് സമീപമായിരുന്നു സംഭവം. ശ്രീനഗർ നവാകദൽ സ്വദേശി മുഹമ്മദ് ഇബാദ് ഭട്ടാണ് വാഹനം ഓടിച്ചിരുന്നത്. റിയാസി ജില്ലയിലെ മഹോറ സ്വദേശി നസീർ അഹമ്മദ് മുഗളും വാഹനത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജമ്മു കശ്മീർ പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി കരയിലെത്തിച്ചത്. പിന്നീട് സ്കോർപിയോയും നദിയിൽനിന്ന് പുറത്തെടുത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ റീലിനായി നദിയിലേക്ക് വാഹനം ഇറക്കിയത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിലുണ്ടായിരുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ള നദികളിലും ജലാശയങ്ങളിലും ഇത്തരം സാഹസിക സ്റ്റണ്ടുകൾ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എഐ ക്യാമറ പിഴ 1000 കോടി കടന്നു; അടച്ചത് 365 കോടി മാത്രം

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 675 എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുക 1000 കോടി രൂപ കടന്നു. മൂന്ന് വർഷത്തിനിടെ ഏകദേശം ഒന്നരക്കോടി പേർക്കെതിരെയാണ് പിഴ ചുമത്തിയത്. എന്നാൽ ഇതിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ അടച്ചത്. 2023 ജൂൺ മുതലാണ് എഐ ക്യാമറകൾ നിയമലംഘനങ്ങൾ കണ്ടെത്തിത്തുടങ്ങിയത്. ഏകദേശം 220 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. എഐ ക്യാമറകളുടെ പ്രവർത്തനത്തോടെ വാഹനമോടിക്കുന്നവരിൽ ജാഗ്രത വർധിച്ചതായും അപകടമരണങ്ങളിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടായതായും മോട്ടോർ വാഹനവകുപ്പ് പറയുന്നു. അതേസമയം, പിഴയിനത്തിൽ 635 കോടി രൂപ കൂടി പിരിച്ചെടുക്കാനുണ്ട്. കുടിശ്ശിക പിരിക്കാൻ ആംനെസ്റ്റി സ്‌കീം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും പൂർണ വിജയമായില്ല.
പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായി

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായി. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. വിവിധ കേസുകളിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്. ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലാണ് സാധനങ്ങൾ മോഷണം പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെപ്റ്റംബർ 10ന് സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ വളപ്പിലും സ്റ്റേഷനിലെ വിവിധ മുറികളിലും വിശദമായ പരിശോധന നടത്തിയെങ്കിലും പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ അജേഷ് കെ. എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ എങ്ങനെ പുറത്തേക്ക് പോയി, സംഭവത്തിന് പിന്നിൽ ആരൊക്കെയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ചെങ്കടലിൽ ഹൂതി മുന്നേറ്റം; എണ്ണവിപണിയിലും ആശങ്ക

ചെങ്കടൽ മേഖലയിൽ ഹൂതി ആക്രമണങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായി. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് പൈപ്പ്ലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് യാൻബു തുറമുഖത്തേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന 750 മൈൽ നീളമുള്ള പൈപ്പ്ലൈനാണിത്. ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ തന്ത്രപ്രധാനമായ പെരിം ദ്വീപും യെമനിലെ തുറമുഖ നഗരമായ മോഖയും ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. മോഖ പിടിച്ചതോടെ ചരക്കുനീക്കത്തിലെ പ്രധാന പാതയായ ബാബ് എൽ മാണ്ടെബ് കടലിടുക്കിനോട് ഹൂതികൾ കൂടുതൽ അടുത്തു. ആഗോള ചരക്കുനീക്കത്തിന്റെ ഏകദേശം 12 ശതമാനം കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ശക്തമാണ്. ഹോർമൂസിന് ബദലായി ഉപയോഗിക്കാവുന്ന ചെങ്കടൽ പാതയും സംഘർഷമേഖലയായതോടെ ആഗോള എണ്ണവിപണിയിലും സമ്മർദം വർധിച്ചു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 മുതൽ 110 ഡോളർ വരെയെത്തി. അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയതും ആശങ്ക വർധിപ്പിച്ചു. അതേസമയം, ഹൂതികളുടെ മുന്നേറ്റത്തെ പിന്തുണച്ച ഇറാൻ യെമനുമേലുള്ള സൗദി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ ഗൾഫ് രാജ്യങ്ങളുടെ യോഗം വിളിക്കാനുള്ള നീക്കവും നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചൂട് കടുത്തു; സംഭരണികളിലെ ജലനിരപ്പ് താഴേക്ക്, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമായി കുറയുന്നു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രധാന സംഭരണികളെല്ലാം ചേർത്തുള്ള ജലശേഖരം ശേഷിയുടെ 63 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ജലശേഖരത്തേക്കാൾ 25 ശതമാനം കുറവാണിത്. നിലവിലെ ജലശേഖരം ഉപയോഗിച്ച് ഏകദേശം 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാനാകൂ. അതേസമയം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോട് അടുക്കുകയാണ്. പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. എന്നാൽ ആഭ്യന്തര ഉത്പാദനം കൂട്ടുന്നത് സംഭരണികളിലെ ജലനിരപ്പ് കൂടുതൽ വേഗത്തിൽ താഴാൻ ഇടയാക്കും. പ്രധാന ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളിൽ ദിവസങ്ങളായി കാര്യമായ മഴ ലഭിച്ചിട്ടില്ല. ജലലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കിയിലും ശബരിഗിരിയിലും വൈദ്യുതോത്പാദനം ഇതിനകം വർധിപ്പിച്ചിട്ടുണ്ട്. മഴ ഇനിയും വൈകുകയാണെങ്കിൽ വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യത കൂടുതൽ സമ്മർദത്തിലാകുമെന്ന ആശങ്കയും ശക്തമാണ്.
മഹാരാഷ്ട്രയിൽ വൻ വ്യാജ പനീർ വേട്ട; 15,000 കിലോ ക്ഷീരോത്പന്നങ്ങൾ പിടികൂടി

മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ മായം ചേർത്ത പനീറും വ്യാജ ഖോയയും പിടികൂടി. സംസ്ഥാനത്തുടനീളം വിതരണം ചെയ്യാനായി കർണാടകയിൽനിന്ന് എത്തിച്ചതെന്ന് കരുതുന്ന 10,000 കിലോഗ്രാം പനീറും 5,000 കിലോഗ്രാം വ്യാജ ഖോയയുമാണ് പിടിച്ചെടുത്തത്. ഉത്പന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് കമ്മീഷണർ ദിഗംബർ ഭോഗാവഡെ അറിയിച്ചു. വ്യാജ ക്ഷീരോത്പന്നങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി മഹാരാഷ്ട്രയിൽ അനലോഗ് പനീറിന്റെ നിർമാണവും വിൽപ്പനയും കഴിഞ്ഞമാസം പൂർണമായി നിരോധിച്ചിരുന്നു. ഉത്പാദനം, വിതരണം, സംഭരണം എന്നിവയും നിയമവിരുദ്ധമാണ്. പാലിന് പകരം സസ്യ എണ്ണ, പാമോയിൽ തുടങ്ങിയ നോൺ-ഡെയ്റി ചേരുവകൾ ഉപയോഗിച്ചാണ് അനലോഗ് പനീർ നിർമിക്കുന്നത്. കാഴ്ചയിൽ യഥാർഥ പനീറിന് സമാനമാണെങ്കിലും ഇത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ല. നിയമലംഘനങ്ങൾക്ക് ആറുമാസംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. വ്യാജ ഉത്പന്നം കഴിച്ച് മരണം സംഭവിച്ചാൽ ജീവപര്യന്തം തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്.
വിൻഡോസ് കമ്പ്യൂട്ടറുകളിലും ഇനി ജെമിനി; പ്രത്യേക ഡെസ്ക്ടോപ്പ് ആപ്പ് പുറത്തിറക്കി ഗൂഗിൾ

ഗൂഗിളിന്റെ എഐ അസിസ്റ്റന്റ് സേവനമായ ജെമിനിക്ക് വിൻഡോസ് ഉപയോക്താക്കൾക്കായി പ്രത്യേക ഡെസ്ക്ടോപ്പ് ആപ്പ് പുറത്തിറക്കി. വിൻഡോസ് 10, വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പ് സെപ്റ്റംബർ 11 മുതൽ ആഗോളതലത്തിൽ ലഭ്യമായി. ഈ വർഷം ആദ്യം മാക് ഒഎസിനായി അവതരിപ്പിച്ച ആപ്പിന് പിന്നാലെയാണ് വിൻഡോസ് പതിപ്പും എത്തുന്നത്. ഇനി വെബ് ബ്രൗസർ തുറക്കാതെ തന്നെ കമ്പ്യൂട്ടറിൽ നേരിട്ട് ജെമിനി ഉപയോഗിക്കാം. ആപ്പിലെ പ്രധാന പ്രത്യേകത ക്വിക്ക് ആക്സസ് സംവിധാനമാണ്. Alt + Space കീ അമർത്തിയാൽ നിലവിൽ ഉപയോഗിക്കുന്ന ആപ്പുകൾക്ക് മുകളിലായി ജെമിനി ഓവർലേ തുറക്കാം. ഡോക്യുമെന്റുകൾ പരിശോധിക്കുക, മറുപടികൾ തയ്യാറാക്കുക, പ്രസന്റേഷനുകൾക്കുള്ള ആശയങ്ങൾ കണ്ടെത്തുക തുടങ്ങിയ ജോലികൾ ഇതിലൂടെ വേഗത്തിൽ ചെയ്യാനാകും. പ്രധാന വിൻഡോയിൽ ലളിതമായ ചോദ്യോത്തരങ്ങൾക്കപ്പുറം സങ്കീർണവും ഒന്നിലധികം ഘട്ടങ്ങളുള്ളതുമായ ജോലികൾ ചെയ്യാനും സൗകര്യമുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ഗൂഗിൾ വർക്ക്സ്പേസ് സേവനങ്ങളുമായി ആപ്പ് ബന്ധിപ്പിക്കാനും ഫയലുകളിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ഉപയോഗിക്കാനും കഴിയും. ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനുള്ള ക്രിയേറ്റീവ് ടൂളുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ പ്രവർത്തിക്കുമ്പോൾ കമ്പ്യൂട്ടർ റിസോഴ്സുകൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. വിൻഡോസ് 10, 11 ഉപയോക്താക്കൾക്ക് gemini.google/desktop വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.