സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമായി കുറയുന്നു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രധാന സംഭരണികളെല്ലാം ചേർത്തുള്ള ജലശേഖരം ശേഷിയുടെ 63 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ജലശേഖരത്തേക്കാൾ 25 ശതമാനം കുറവാണിത്.
നിലവിലെ ജലശേഖരം ഉപയോഗിച്ച് ഏകദേശം 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാനാകൂ. അതേസമയം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോട് അടുക്കുകയാണ്. പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.
എന്നാൽ ആഭ്യന്തര ഉത്പാദനം കൂട്ടുന്നത് സംഭരണികളിലെ ജലനിരപ്പ് കൂടുതൽ വേഗത്തിൽ താഴാൻ ഇടയാക്കും. പ്രധാന ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളിൽ ദിവസങ്ങളായി കാര്യമായ മഴ ലഭിച്ചിട്ടില്ല. ജലലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കിയിലും ശബരിഗിരിയിലും വൈദ്യുതോത്പാദനം ഇതിനകം വർധിപ്പിച്ചിട്ടുണ്ട്. മഴ ഇനിയും വൈകുകയാണെങ്കിൽ വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യത കൂടുതൽ സമ്മർദത്തിലാകുമെന്ന ആശങ്കയും ശക്തമാണ്.





