ചെങ്കടലിൽ ഹൂതി മുന്നേറ്റം; എണ്ണവിപണിയിലും ആശങ്ക

ചെങ്കടൽ മേഖലയിൽ ഹൂതി ആക്രമണങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായി. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് പൈപ്പ്ലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് യാൻബു തുറമുഖത്തേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന 750 മൈൽ നീളമുള്ള പൈപ്പ്ലൈനാണിത്. ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ തന്ത്രപ്രധാനമായ പെരിം ദ്വീപും യെമനിലെ തുറമുഖ നഗരമായ മോഖയും ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. മോഖ പിടിച്ചതോടെ ചരക്കുനീക്കത്തിലെ പ്രധാന പാതയായ ബാബ് എൽ മാണ്ടെബ് കടലിടുക്കിനോട് ഹൂതികൾ കൂടുതൽ അടുത്തു. ആഗോള ചരക്കുനീക്കത്തിന്റെ ഏകദേശം 12 ശതമാനം കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ശക്തമാണ്.

ഹോർമൂസിന് ബദലായി ഉപയോഗിക്കാവുന്ന ചെങ്കടൽ പാതയും സംഘർഷമേഖലയായതോടെ ആഗോള എണ്ണവിപണിയിലും സമ്മർദം വർധിച്ചു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 മുതൽ 110 ഡോളർ വരെയെത്തി. അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയതും ആശങ്ക വർധിപ്പിച്ചു. അതേസമയം, ഹൂതികളുടെ മുന്നേറ്റത്തെ പിന്തുണച്ച ഇറാൻ യെമനുമേലുള്ള സൗദി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ ഗൾഫ് രാജ്യങ്ങളുടെ യോഗം വിളിക്കാനുള്ള നീക്കവും നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *