റീലെടുക്കാൻ നദിയിലിൽ വാഹനമിറക്കി; കുത്തൊഴുക്കിൽ കുടുങ്ങി, യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജമ്മു കശ്മീരിലെ സോനമാർഗിൽ സോഷ്യൽ മീഡിയ റീലിനായി സാഹസികതയ്ക്ക് മുതിർന്ന യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുത്തൊഴുക്കുള്ള സിന്ധ് നദിയിലേക്ക് മഹീന്ദ്ര സ്കോർപിയോ ഓടിച്ചിറക്കി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം നദിയുടെ മധ്യഭാഗത്ത് കുടുങ്ങിയത്. ശക്തമായ ഒഴുക്കിൽ വാഹനം ഒലിച്ചുപോകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് റിപ്പോർട്ട്.

സോനമാർഗിലെ ഹോട്ടൽ സിന്ധ് റിസോർട്‌സിന് സമീപമായിരുന്നു സംഭവം. ശ്രീനഗർ നവാകദൽ സ്വദേശി മുഹമ്മദ് ഇബാദ് ഭട്ടാണ് വാഹനം ഓടിച്ചിരുന്നത്. റിയാസി ജില്ലയിലെ മഹോറ സ്വദേശി നസീർ അഹമ്മദ് മുഗളും വാഹനത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജമ്മു കശ്മീർ പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി കരയിലെത്തിച്ചത്. പിന്നീട് സ്കോർപിയോയും നദിയിൽനിന്ന് പുറത്തെടുത്തു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ റീലിനായി നദിയിലേക്ക് വാഹനം ഇറക്കിയത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിലുണ്ടായിരുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ള നദികളിലും ജലാശയങ്ങളിലും ഇത്തരം സാഹസിക സ്റ്റണ്ടുകൾ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *