ഹനീഷ് ദ്വീപുകൾ പിടിച്ച് ഹൂതികൾ; ചെങ്കടലിൽ ആശങ്ക

യമനിലെ തെക്കൻ ചെങ്കടലിലെ തന്ത്രപ്രധാന ഗ്രേറ്റർ, ലെസ്സർ ഹനീഷ് ദ്വീപുകൾ ഹൂതി വിമതർ പിടിച്ചെടുത്തു. സൗദി പിന്തുണയുള്ള സർക്കാർ സൈന്യം പ്രതിരോധം പുനഃസംഘടിപ്പിക്കുന്നതിനിടെയാണ് ഹൂതികളുടെ മുന്നേറ്റം. മോഖ തുറമുഖ നഗരത്തിനും മയ്യുൻ ദ്വീപിനും പിന്നാലെയാണ് ഹനീഷ് ദ്വീപുകളിലും നിയന്ത്രണം നേടിയത്. സർക്കാർ അനുകൂല സൈനികർ പിൻവാങ്ങിയതോടെയാണ് ഹൂതികൾ ദ്വീപുകളിലെത്തിയത്. ബാബ് അൽ-മന്ദേബിന് സമീപമുള്ള മേഖലയിൽ സ്വാധീനം വർധിപ്പിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. തെക്കൻ ചെങ്കടലിൽ ഹൂതികളുടെ സാന്നിധ്യം കൂടുതൽ ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതേസമയം, ഹൂതികളുടെ മുന്നേറ്റം യമനിൽ വീണ്ടും വലിയ സൈനിക ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. ഹൂതികളെ നേരിടാൻ യമൻ സൈന്യം ധുബാബ് മേഖലയിലേക്ക് നീങ്ങുകയാണ്. ചെങ്കടൽ സുരക്ഷാ പ്രശ്‌നത്തിനൊപ്പം രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാകുമോ എന്നതും ആശങ്ക ഉയർത്തുന്നു.
പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം; നിയമം കർശനമാക്കണമെന്ന് സുപ്രീംകോടതി

വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, ബോധവത്കരണ പരിപാടികൾ, നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ എന്നിവ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. മലയാളിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. സീറ്റ് ബെൽറ്റ് ധരിക്കുന്നത് വെറും നിയമപരമായ നടപടിയല്ലെന്നും ജീവൻ രക്ഷിക്കാനുള്ള സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിയമം നടപ്പാക്കേണ്ടവർക്ക് ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2005 മുതൽ നിയമം നിലവിലുണ്ടെങ്കിലും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024-ലെ വാഹനാപകട മരണങ്ങളിൽ 80 ശതമാനത്തിലും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണെന്നും കോടതിയെ അറിയിച്ചു. സീറ്റ് ബെൽറ്റ് നിയമം നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു.
ഒൻപത് വർഷമായി വിദ്യാഭ്യാസസഹായം നിഷേധിച്ച് സർക്കാർ; എസ്.ടി.ഒ.ഇ.സി. വിദ്യാർഥികൾ പ്രതിസന്ധിയിൽ

അർഹതയുണ്ടായിട്ടും സർക്കാർ നൽകുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പ് ലഭിക്കാതെ എസ്.ടി.ഒ.ഇ.സി. വിഭാഗത്തിലെ വിദ്യാർഥികൾ. ഇ-ഗ്രാന്റ് അപേക്ഷകൾ ഓൺലൈനാക്കിയതുമുതൽ കഴിഞ്ഞ ഒൻപത് വർഷമായി സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് ആനുകൂല്യം നിഷേധിക്കുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയെങ്കിലും എസ്.ടി.ഒ.ഇ.സി. വിഭാഗത്തെ പോർട്ടലിൽ ഓപ്ഷനായി ഉൾപ്പെടുത്തിയിട്ടില്ല. കളനാടി, കുണ്ടുവാടി ഉൾപ്പെടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന എട്ട് ഗോത്രസമുദായങ്ങളിലെ വിദ്യാർഥികളെയാണ് എസ്.ടി.ഒ.ഇ.സി. വിഭാഗമായി പരിഗണിക്കുന്നത്. നേരത്തെ കൃത്യമായി ഇ-ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിന് പിന്നാലെ ഇവരുടെ അപേക്ഷകൾ ഏത് വകുപ്പ് കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തതയില്ലാതായതാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഇതോടെ കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായം നഷ്ടമായി. സമുദായ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം എസ്.ടി. വകുപ്പിന് എസ്.ടി.ഒ.ഇ.സി. വിദ്യാർഥികളുടെ ചുമതല നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പോർട്ടലിൽ വിഭാഗം ഉൾപ്പെടുത്തുന്നതിനുള്ള നടപടി ഇപ്പോഴും പൂർത്തിയായിട്ടില്ല. ഹയർസെക്കൻഡറി മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യൽ ഫീസ് തുടങ്ങിയവയിൽ സഹായം നൽകുന്നതാണ് ഇ-ഗ്രാന്റ്.
പരിവാഹൻ പോർട്ടൽ പണിമുടക്കി; വാഹന ഉടമകൾ പ്രതിസന്ധിയിൽ

‘പരിവാഹൻ’ പോർട്ടലിന്റെ പ്രവർത്തനം തുടർച്ചയായി തകരാറിലായതോടെ വാഹന ഉടമകളും വ്യാപാരമേഖലയും പ്രതിസന്ധിയിൽ. ഡ്യൂപ്ലിക്കേറ്റ് ആർ.സി., വിലാസമാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ ചേർക്കലും ഒഴിവാക്കലും ഉൾപ്പെടെയുള്ള നിരവധി സേവനങ്ങളാണ് ഓൺലൈനായി ലഭിക്കാതെ വന്നത്. ഇതോടെ ആർ.ടി.ഒ. ഓഫീസുകൾ സന്ദർശിക്കാതെ പൂർത്തിയാക്കാമായിരുന്ന നടപടികളും തടസ്സപ്പെട്ടു. അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യാവുന്ന ആർ.സി. ഉടമയുടെ ഫോൺനമ്പർ മാറ്റം പോലുള്ള ചെറിയ സേവനങ്ങൾ പോലും സാധാരണക്കാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനായി പോർട്ടൽ അപ്ഡേറ്റ് ചെയ്യുന്നതാണ് നിലവിലെ തടസ്സങ്ങൾക്ക് കാരണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസ് വിശദീകരണം. എന്നാൽ, പോർട്ടലിലെയും വെബ്സൈറ്റിലെയും പ്രശ്നങ്ങൾ മൂന്നുമാസത്തോളമായി തുടരുകയാണ്. ഈ മാസം 21-ഓടെ നടപടികൾ പൂർത്തിയാക്കി സേവനങ്ങൾ സാധാരണ നിലയിലാക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. എന്നാൽ, സോഫ്റ്റ്‌വേർ തകരാറുകൾക്കും സംസ്ഥാനത്തിന് അനുവദിച്ച സെർവർ ശേഷി അപര്യാപ്തമായതിനുമുള്ള പ്രശ്നങ്ങൾ തുടർന്നേക്കുമെന്ന ആശങ്ക മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കുമുണ്ട്. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി.) പരിവാഹൻ പോർട്ടലിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
എഐ ഭീഷണി; ഗൂഗിൾ ഡീപ്മൈൻഡിലെ സുരക്ഷാ വിദഗ്ധനും രാജിവച്ചു

എഐയുടെ അതിവേഗ മുന്നേറ്റം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകത്തെ പ്രമുഖ എഐ കമ്പനികളിലെ വിദഗ്ധരുടെ രാജി തുടരുന്നു. ഗൂഗിൾ ഡീപ്മൈൻഡിന്റെ എജിഐ സുരക്ഷാ ടീമിൽ പ്രവർത്തിച്ചിരുന്ന ജോഷ് എംഗൽസാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. എഐ വികസനം മനുഷ്യരാശിക്ക് വലിയ ഭീഷണിയായി മാറാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ സുരക്ഷാ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ആന്ത്രോപിക്കിലെ എഐ ഗവേഷകനായ ജേക്കബ് കോക്സൺ സമാനമായ മുന്നറിയിപ്പുകളോടെ രാജിവച്ചതിന് പിന്നാലെയാണ് എംഗൽസിന്റെ തീരുമാനം. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിക്ക് തന്നെ വൻ ഭീഷണിയാകാമെന്നായിരുന്നു കോക്സണിന്റെ മുന്നറിയിപ്പ്. ഇതോടെ എഐ സുരക്ഷയും വികസനത്തിന്റെ വേഗവും സംബന്ധിച്ച് വലിയ ചർച്ചകൾക്ക് തുടക്കമായിരുന്നു. എഐ മുന്നേറ്റത്തിന്റെ വേഗം നിയന്ത്രിക്കണമെന്ന നിലപാടിലേക്ക് പ്രമുഖ ടെക് രംഗത്തെ വ്യക്തികളും എത്തുന്ന സാഹചര്യത്തിലാണ് പുതിയ രാജിയും ശ്രദ്ധ നേടുന്നത്. ഡീപ്മൈൻഡിലെ ജോലി താൻ ആസ്വദിച്ചിരുന്നെന്നും ആന്ത്രോപിക്കിൽ നിന്നും ഓപ്പൺഎഐയിൽ നിന്നും ലഭിച്ച അവസരങ്ങൾ പോലും നിരസിച്ചിരുന്നെന്നും എംഗൽസ് വ്യക്തമാക്കി. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ സംവിധാനങ്ങൾ ഭയപ്പെടുത്തുന്ന തരത്തിലുള്ള വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അപകടസാധ്യതയുടെ കൃത്യമായ തോത് അറിയില്ലെങ്കിലും, എഐ സുരക്ഷ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി പരിഗണിക്കേണ്ടത്ര ഗുരുതരമാണ് ഈ ഭീഷണിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.