എഐയുടെ അതിവേഗ മുന്നേറ്റം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകത്തെ പ്രമുഖ എഐ കമ്പനികളിലെ വിദഗ്ധരുടെ രാജി തുടരുന്നു. ഗൂഗിൾ ഡീപ്മൈൻഡിന്റെ എജിഐ സുരക്ഷാ ടീമിൽ പ്രവർത്തിച്ചിരുന്ന ജോഷ് എംഗൽസാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. എഐ വികസനം മനുഷ്യരാശിക്ക് വലിയ ഭീഷണിയായി മാറാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ സുരക്ഷാ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ആന്ത്രോപിക്കിലെ എഐ ഗവേഷകനായ ജേക്കബ് കോക്സൺ സമാനമായ മുന്നറിയിപ്പുകളോടെ രാജിവച്ചതിന് പിന്നാലെയാണ് എംഗൽസിന്റെ തീരുമാനം. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിക്ക് തന്നെ വൻ ഭീഷണിയാകാമെന്നായിരുന്നു കോക്സണിന്റെ മുന്നറിയിപ്പ്. ഇതോടെ എഐ സുരക്ഷയും വികസനത്തിന്റെ വേഗവും സംബന്ധിച്ച് വലിയ ചർച്ചകൾക്ക് തുടക്കമായിരുന്നു. എഐ മുന്നേറ്റത്തിന്റെ വേഗം നിയന്ത്രിക്കണമെന്ന നിലപാടിലേക്ക് പ്രമുഖ ടെക് രംഗത്തെ വ്യക്തികളും എത്തുന്ന സാഹചര്യത്തിലാണ് പുതിയ രാജിയും ശ്രദ്ധ നേടുന്നത്.
ഡീപ്മൈൻഡിലെ ജോലി താൻ ആസ്വദിച്ചിരുന്നെന്നും ആന്ത്രോപിക്കിൽ നിന്നും ഓപ്പൺഎഐയിൽ നിന്നും ലഭിച്ച അവസരങ്ങൾ പോലും നിരസിച്ചിരുന്നെന്നും എംഗൽസ് വ്യക്തമാക്കി. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ സംവിധാനങ്ങൾ ഭയപ്പെടുത്തുന്ന തരത്തിലുള്ള വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അപകടസാധ്യതയുടെ കൃത്യമായ തോത് അറിയില്ലെങ്കിലും, എഐ സുരക്ഷ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി പരിഗണിക്കേണ്ടത്ര ഗുരുതരമാണ് ഈ ഭീഷണിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





