പരിവാഹൻ പോർട്ടൽ പണിമുടക്കി; വാഹന ഉടമകൾ പ്രതിസന്ധിയിൽ

‘പരിവാഹൻ’ പോർട്ടലിന്റെ പ്രവർത്തനം തുടർച്ചയായി തകരാറിലായതോടെ വാഹന ഉടമകളും വ്യാപാരമേഖലയും പ്രതിസന്ധിയിൽ. ഡ്യൂപ്ലിക്കേറ്റ് ആർ.സി., വിലാസമാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ ചേർക്കലും ഒഴിവാക്കലും ഉൾപ്പെടെയുള്ള നിരവധി സേവനങ്ങളാണ് ഓൺലൈനായി ലഭിക്കാതെ വന്നത്. ഇതോടെ ആർ.ടി.ഒ. ഓഫീസുകൾ സന്ദർശിക്കാതെ പൂർത്തിയാക്കാമായിരുന്ന നടപടികളും തടസ്സപ്പെട്ടു.

അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യാവുന്ന ആർ.സി. ഉടമയുടെ ഫോൺനമ്പർ മാറ്റം പോലുള്ള ചെറിയ സേവനങ്ങൾ പോലും സാധാരണക്കാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനായി പോർട്ടൽ അപ്ഡേറ്റ് ചെയ്യുന്നതാണ് നിലവിലെ തടസ്സങ്ങൾക്ക് കാരണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസ് വിശദീകരണം. എന്നാൽ, പോർട്ടലിലെയും വെബ്സൈറ്റിലെയും പ്രശ്നങ്ങൾ മൂന്നുമാസത്തോളമായി തുടരുകയാണ്.

ഈ മാസം 21-ഓടെ നടപടികൾ പൂർത്തിയാക്കി സേവനങ്ങൾ സാധാരണ നിലയിലാക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. എന്നാൽ, സോഫ്റ്റ്‌വേർ തകരാറുകൾക്കും സംസ്ഥാനത്തിന് അനുവദിച്ച സെർവർ ശേഷി അപര്യാപ്തമായതിനുമുള്ള പ്രശ്നങ്ങൾ തുടർന്നേക്കുമെന്ന ആശങ്ക മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കുമുണ്ട്. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി.) പരിവാഹൻ പോർട്ടലിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *