ഒൻപത് വർഷമായി വിദ്യാഭ്യാസസഹായം നിഷേധിച്ച് സർക്കാർ; എസ്.ടി.ഒ.ഇ.സി. വിദ്യാർഥികൾ പ്രതിസന്ധിയിൽ

അർഹതയുണ്ടായിട്ടും സർക്കാർ നൽകുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പ് ലഭിക്കാതെ എസ്.ടി.ഒ.ഇ.സി. വിഭാഗത്തിലെ വിദ്യാർഥികൾ. ഇ-ഗ്രാന്റ് അപേക്ഷകൾ ഓൺലൈനാക്കിയതുമുതൽ കഴിഞ്ഞ ഒൻപത് വർഷമായി സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് ആനുകൂല്യം നിഷേധിക്കുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയെങ്കിലും എസ്.ടി.ഒ.ഇ.സി. വിഭാഗത്തെ പോർട്ടലിൽ ഓപ്ഷനായി ഉൾപ്പെടുത്തിയിട്ടില്ല.

കളനാടി, കുണ്ടുവാടി ഉൾപ്പെടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന എട്ട് ഗോത്രസമുദായങ്ങളിലെ വിദ്യാർഥികളെയാണ് എസ്.ടി.ഒ.ഇ.സി. വിഭാഗമായി പരിഗണിക്കുന്നത്. നേരത്തെ കൃത്യമായി ഇ-ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിന് പിന്നാലെ ഇവരുടെ അപേക്ഷകൾ ഏത് വകുപ്പ് കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തതയില്ലാതായതാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഇതോടെ കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായം നഷ്ടമായി.

സമുദായ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം എസ്.ടി. വകുപ്പിന് എസ്.ടി.ഒ.ഇ.സി. വിദ്യാർഥികളുടെ ചുമതല നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പോർട്ടലിൽ വിഭാഗം ഉൾപ്പെടുത്തുന്നതിനുള്ള നടപടി ഇപ്പോഴും പൂർത്തിയായിട്ടില്ല. ഹയർസെക്കൻഡറി മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യൽ ഫീസ് തുടങ്ങിയവയിൽ സഹായം നൽകുന്നതാണ് ഇ-ഗ്രാന്റ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *