വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, ബോധവത്കരണ പരിപാടികൾ, നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ എന്നിവ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. മലയാളിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
സീറ്റ് ബെൽറ്റ് ധരിക്കുന്നത് വെറും നിയമപരമായ നടപടിയല്ലെന്നും ജീവൻ രക്ഷിക്കാനുള്ള സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിയമം നടപ്പാക്കേണ്ടവർക്ക് ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
2005 മുതൽ നിയമം നിലവിലുണ്ടെങ്കിലും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024-ലെ വാഹനാപകട മരണങ്ങളിൽ 80 ശതമാനത്തിലും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണെന്നും കോടതിയെ അറിയിച്ചു. സീറ്റ് ബെൽറ്റ് നിയമം നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു.





