ഒടിടി റിലീസ്’ എന്ന പതിവ് പൊളിച്ചെഴുതി; തിയറ്ററുകളിൽ വീണ്ടും ‘ബെത്ലഹേം’ ആവേശം

ഒടിടിയിലെത്തിയിട്ടും തിയറ്ററുകളിൽ തിരക്കൊഴിയാതെ ‘ബെത്ലഹെം കുടുംബ യൂണിറ്റ്’. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. എന്നാൽ ഡിജിറ്റൽ റിലീസ് കഴിഞ്ഞിട്ടും തിയറ്ററുകളിലെ ജനത്തിരക്കിന് കുറവില്ലെന്നതാണ് ചിത്രത്തിന്റെ പുതിയ റെക്കോർഡ്. സാധാരണയായി ഒടിടി റിലീസിന് പിന്നാലെ തിയറ്ററുകളിലെ തിരക്ക് കുറയാറാണ് പതിവ്. എന്നാൽ അതിന് വിപരീതമായ കാഴ്ചയാണ് ‘ബെത്ലഹെം കുടുംബ യൂണിറ്റ്’ സമ്മാനിക്കുന്നത്. മൊബൈലിലും ടിവിയിലും ചിത്രം കണ്ട പ്രേക്ഷകർ പോലും ബിഗ് സ്ക്രീൻ അനുഭവം വീണ്ടും ആസ്വദിക്കാൻ കുടുംബസമേതം തിയറ്ററുകളിലേക്ക് എത്തുകയാണ്. നാൽപതോളം തിയറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. പ്രധാന നഗരങ്ങളിലെ മൾട്ടിപ്ലെക്സുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇപ്പോഴും ഹൗസ്ഫുൾ ഷോകൾ തുടരുകയാണ്. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിന്റെ ഫ്രഷ് കെമിസ്ട്രിയും ചിത്രത്തിന്റെ ആഘോഷാന്തരീക്ഷവുമാണ് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഒടിടിയിലെത്തിയ ശേഷവും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന ചിത്രം മലയാള സിനിമയിലെ അപൂർവ വിജയക്കാഴ്ചയായി മാറുകയാണ്.
നെഗറ്റീവ് കമന്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല; നിലപാട് വ്യക്തമാക്കി രശ്മിക

നെഗറ്റീവ് കമന്റുകളെ എങ്ങനെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രശ്മിക മന്ദാന. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് അഭിനയിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും, താൻ എങ്ങനെയാണോ അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. ‘രണബാലി’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം വ്യക്തമാക്കിയത്. ആരൊക്കെ എന്ത് പറഞ്ഞാലും അവരോട് ദയയോടെ പെരുമാറാനാണ് താൻ വിശ്വസിക്കുന്നതെന്ന് രശ്മിക പറഞ്ഞു. തന്റെ പോസിറ്റീവ് സമീപനത്തെ ചിലർ ഓവർ ആക്ടിങ് എന്ന് വിളിച്ചാലും അതിൽ പ്രശ്നമില്ലെന്നും, എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലെന്നും താരം വ്യക്തമാക്കി. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ‘രണബാലി’ രാഹുൽ സംകൃത്യൻ ആണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം ഒക്ടോബർ 16ന് റിലീസ് ചെയ്യും. 1876-78 കാലഘട്ടത്തിലെ യഥാർഥ ചരിത്ര സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.
റഷ്യൻ ഡ്രോൺ ആക്രമണം; യുക്രൈനിലെ ഇന്ത്യൻ ഫാർമ പ്ലാന്റിന് കനത്ത നാശം

യുക്രൈനിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ കുസും ഫാർമയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഏകദേശം 400 കോടി രൂപയുടെ നഷ്ടമുണ്ടായതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ സുമിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. 50-ലേറെ ജനറിക് മരുന്നുകൾ നിർമിക്കുന്ന സ്ഥാപനം യുക്രൈനു പുറമെ ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെയും റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായി എക്സിൽ കുറിച്ചു. രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ 135 ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതായും സെലെൻസ്കി അറിയിച്ചു. കീവിലെ പിവ്നിച്നി പാലത്തിനും ഡിനിപ്രോയിലെ കമ്യൂണിക്കേഷൻ കേന്ദ്രത്തിനും നേരെയും ആക്രമണമുണ്ടായതായി അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ഷഹെദ് ഉൾപ്പെടെയുള്ള ഡ്രോണുകൾ ഉപയോഗിച്ച് യുക്രൈനിൽ നിരന്തര ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ട്. ഡ്രോണുകളുടെ വേഗതയും വ്യാപകമായ ഉപയോഗവും യുക്രൈന്റെ വ്യോമ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 2030ലെ വേദിയായി ദോഹ

രണ്ടാഴ്ചയോളം ഏഷ്യയിലെ കായിക താരങ്ങൾ മാറ്റുരച്ച 2026 ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച നടന്ന സമാപന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക പരിസമാപ്തിയായത്. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തറിലെ ദോഹ വേദിയാകും. സമാപന ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റവും നടന്നു. 1951ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച ശേഷമാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ ജാസിം അൽ താനി ഒസിഎ പതാക ഖത്തറിന് കൈമാറിയത്. തുടർന്ന് 2020ലെ ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്റെ ഹൈജംപ് താരം മുതാസ് ഈസ ബാർഷിമിന് ഒസിഎ പതാക കൈമാറി. പിന്നാലെ ഖത്തറിന്റെ ദേശീയ പതാക ഉയർത്തി. സമാപന ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാക വഹിച്ചത്.
സ്വകാര്യ ആശുപത്രി ചികിത്സച്ചെലവ് നിയന്ത്രിക്കാൻ നടപടി

സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള കരടുബിൽ തയ്യാറാക്കാൻ നിയോഗിച്ച സമിതി ഉടൻ യോഗം ചേരും. സർക്കാർ ആശുപത്രികളിലെ ചികിത്സച്ചെലവ് ആദ്യം വിലയിരുത്തിയ ശേഷമാകും സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾ പരിശോധിക്കുക. പരിശോധനകൾ, ശസ്ത്രക്രിയകൾ, മുറിവാടക എന്നിവയുടെ നിരക്കുകൾ പ്രധാനമായും വിലയിരുത്തും. സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതും മരുന്നുകൾ കെഎംഎസ്സിഎൽ വഴി ലഭ്യമാക്കുന്നതും പരിഗണിക്കും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അധ്യക്ഷയായ സമിതിയിൽ ആരോഗ്യ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.
‘എഐ സുരക്ഷയിൽ വീഴ്ച’; ഓപ്പൺ എഐക്കെതിരെ മുൻ സുരക്ഷാ മേധാവി

ഓപ്പൺ എഐയിലെ എഐ സേഫ്റ്റി ടീമിന്റെ ട്രാൻസ്പരൻസി വിഭാഗം മുൻ മേധാവി ഡേവിഡ് റോബിൻസൺ രാജിവച്ചു. എഐയുടെ അപകടസാധ്യതകൾ കുറയ്ക്കുന്നതിൽ മുൻനിര കമ്പനികൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷണങ്ങൾക്കിടെ എഐ നിയന്ത്രണം നഷ്ടപ്പെടുന്നത് തടയുന്നതിൽ ഓപ്പൺഎഐ പരാജയപ്പെട്ടെന്നും ദി അറ്റ്ലാന്റിക്കിലെ ലേഖനത്തിൽ റോബിൻസൺ പറഞ്ഞു. പുതിയ എഐ മോഡലുകൾ വേഗത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിൽ സുരക്ഷ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവനിലയങ്ങളിലേതുപോലെ കർശനമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ ആസൂത്രണവും എഐ കമ്പനികൾ സ്വീകരിക്കണമെന്നും റോബിൻസൺ ആവശ്യപ്പെട്ടു. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും സുരക്ഷ വിലയിരുത്താൻ സ്വതന്ത്ര പരിശോധനകൾ വേണമെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും ഈ നിർദേശത്തെ പിന്തുണച്ചതായി റിപ്പോർട്ടുകളുണ്ട്.