ഒടിടിയിലെത്തിയിട്ടും തിയറ്ററുകളിൽ തിരക്കൊഴിയാതെ ‘ബെത്ലഹെം കുടുംബ യൂണിറ്റ്’. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. എന്നാൽ ഡിജിറ്റൽ റിലീസ് കഴിഞ്ഞിട്ടും തിയറ്ററുകളിലെ ജനത്തിരക്കിന് കുറവില്ലെന്നതാണ് ചിത്രത്തിന്റെ പുതിയ റെക്കോർഡ്.
സാധാരണയായി ഒടിടി റിലീസിന് പിന്നാലെ തിയറ്ററുകളിലെ തിരക്ക് കുറയാറാണ് പതിവ്. എന്നാൽ അതിന് വിപരീതമായ കാഴ്ചയാണ് ‘ബെത്ലഹെം കുടുംബ യൂണിറ്റ്’ സമ്മാനിക്കുന്നത്. മൊബൈലിലും ടിവിയിലും ചിത്രം കണ്ട പ്രേക്ഷകർ പോലും ബിഗ് സ്ക്രീൻ അനുഭവം വീണ്ടും ആസ്വദിക്കാൻ കുടുംബസമേതം തിയറ്ററുകളിലേക്ക് എത്തുകയാണ്. നാൽപതോളം തിയറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്.
പ്രധാന നഗരങ്ങളിലെ മൾട്ടിപ്ലെക്സുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇപ്പോഴും ഹൗസ്ഫുൾ ഷോകൾ തുടരുകയാണ്. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിന്റെ ഫ്രഷ് കെമിസ്ട്രിയും ചിത്രത്തിന്റെ ആഘോഷാന്തരീക്ഷവുമാണ് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഒടിടിയിലെത്തിയ ശേഷവും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന ചിത്രം മലയാള സിനിമയിലെ അപൂർവ വിജയക്കാഴ്ചയായി മാറുകയാണ്.






