സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നാഗ സൈരന്ധ്രി സിനിമയിലേക്ക് ചുവടുവെക്കുന്നു. ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോഷ്യൽ സ്വാമി’ എന്ന ചിത്രത്തിലൂടെയാണ് സൈരന്ധ്രിയുടെ അരങ്ങേറ്റം. തിരുവനന്തപുരത്ത് വെച്ചു നടന്ന എട്ടാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.
തനതായ സംസാരശൈലിയും ബാബു സ്വാമിയെ കുറിച്ചുള്ള പരാമർശങ്ങളും വഴി സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ ട്രോളുകൾക്കും ചർച്ചകൾക്കും വിധേയയായ വ്യക്തിയാണ് നാഗ സൈരന്ധ്രി. നിഗൂഢതകൾ നിറഞ്ഞ അവരുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും സിനിമയാകുമ്പോൾ അത് പ്രേക്ഷകരിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.
‘സോഷ്യൽ സ്വാമി’ എന്ന പേര് തന്നെ നാഗ സൈരന്ധ്രിയുടെ സോഷ്യൽ മീഡിയാ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന സൂചനയാണ് നൽകുന്നത്.
തിരുവനന്തപുരം ‘ദ വീക്കെൻഡ് അക്കാദമി’യുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (ജനകീയ കൂട്ടായ്മയിലൂടെ) ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഗൗതം ലെനിൻ ഛായാഗ്രഹണവും പ്രവീൺ വിജയ് എഡിറ്റിംഗും നിർവഹിക്കുന്നു. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു സാധാരണ വ്യക്തി സോഷ്യൽ മീഡിയയിലൂടെ എങ്ങനെ സെലിബ്രിറ്റിയായി മാറുന്നുവെന്നും അതിനു പിന്നിലെ കൗതുകകരമായ വശങ്ങളുമാകാം ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് സൂചനകൾ.





