മലയാള സിനിമയിൽ സാങ്കേതിക തികവിനെയും ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട്, മലയാളത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ‘വാഗ്ദത്തഭൂമി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ
ഇന്ത്യൻ പനോരമയിലുൾപ്പെടെ സാന്നിധ്യമറിയിച്ച പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരൻ സിദ്ധിക്ക് പറവൂറാണ്.നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് വാലപ്പൻ ക്രീയേഷൻസ് സിഇഒ ലിൻസി ഷാജു വാലപ്പനാണ്.
കേരളത്തിന്റെ മലയോര ജീവിതത്തിന്റെ നേർക്കാഴ്ചയും, കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആഴത്തിൽ ചർച്ച ചെയ്യുന്ന ഒരു ക്രാഫ്റ്റാണ് ‘വാഗ്ദത്തഭൂമി’.
മലയോര കർഷകനായ സോളമന്റെയും ഭാര്യ ക്ലാരയുടെയും മകൻ സാമിന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. കാനഡയിലേക്ക് കുടിയേറിയ സാം, അച്ഛന്റെ സമ്മതമില്ലാതെ തറവാടും കൃഷിഭൂമിയും വിൽക്കാൻ തുനിയുന്നു. എന്നാൽ, തലമുറകളുടെ വിയർപ്പും ഓർമ്മകളും തുടിക്കുന്ന ആ മണ്ണ് ഉപേക്ഷിക്കാൻ സോളമൻ തയ്യാറാകുന്നില്ല. ഈ അച്ഛനും മകനും തമ്മിലുള്ള വൈകാരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ കാതൽ.
ഭൂമി എന്നത് വെറും കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ വേരുകളും ആത്മാവുമാണെന്ന ശക്തമായ സന്ദേശമാണ് ചിത്രം പകരുന്നത്. പുതുതലമുറയുടെ വിദേശമോഹം നമ്മുടെ മലയോരങ്ങളെ എങ്ങനെ വയോധികരുടെ താഴ്വരകളാക്കി മാറ്റുന്നു എന്ന ഗൗരവമേറിയ ചിന്തയും ചിത്രം പങ്കുവെക്കുന്നു.
ഷാജു വലപ്പൻ, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ. പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവരുടെ രൂപഭാവങ്ങളാണ് എഐ സാങ്കേതികവിദ്യയിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മാതൃകയായത്.
നോയൽ, നോവ, നേഹ, ജോസ് മാമ്പിള്ളി, ജലീൽ ബദുഷാ തുടങ്ങിയ വൻനിര തന്നെ ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നു. കൊടുങ്ങല്ലൂരിലെ ‘ചന്ദ്രബോസ് ബോസ് ബാൻഡ്’ ആണ് ചിത്രത്തിന്റെ സ്റ്റുഡിയോ പാർട്ണർ.വൻ തുക മുടക്കാതെ തന്നെ എങ്ങനെ ലോകോത്തര ദൃശ്യവിരുന്ന് ഒരുക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. വരുംതലമുറയിലെ സ്വതന്ത്ര സിനിമാപ്രവർത്തകർക്ക് വിപ്ലവകരമായ ഒരു പുതിയ വഴിവിളക്കാകും ഈ എഐ പരീക്ഷണം.





