ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്ന ചിത്രത്തിൽ ഹെലൻ ഓഫ് ട്രോയ് ആയി അഭിനയിക്കുന്നതിനെതിരെ ഉയർന്നുവന്ന വർണവിവേചനപരമായ വിമർശനങ്ങൾക്ക് മറുപടിയുമായി ഓസ്കർ ജേതാവ് ലൂപിറ്റ നൊങ്‌യോ രംഗത്ത്.
ഹോമറിന്റെ പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസത്തിലെ ട്രോയ് യുദ്ധത്തിന് കാരണക്കാരിയായ അതിസുന്ദരിയായ ഹെലൻ ഓഫ് ട്രോയിയെ കറുത്ത വർഗക്കാരിയായ ലൂപിറ്റ അവതരിപ്പിക്കുന്നതിനെതിരെ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ കാസ്റ്റിങ് വെള്ളക്കാർക്കെതിരെയുള്ള വർഗീയതയാണെന്നായിരുന്നു മസ്കിന്റെ ആരോപണം.
എന്നാൽ, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങളെ പ്രതിരോധിക്കാൻ താൻ സമയം കളയുന്നില്ലെന്നും, പുരാണകഥകൾ ഏതെങ്കിലും ഒരു വംശത്തിന് മാത്രമുള്ളതല്ലെന്നും ലൂപിറ്റ വ്യക്തമാക്കി. പുരാണകഥയാണിതെന്നും അതിൽ ക്രിസ്റ്റഫർ നോളൻ എടുത്ത തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും പറഞ്ഞ ലൂപിറ്റ, തങ്ങളുടെ വംശത്തിൽപ്പെട്ട മനുഷ്യരും ലോകത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഹെലൻ ഓഫ് ട്രോയിക്ക് പുറമെ അവളുടെ സഹോദരിയുടെ കഥാപാത്രത്തെയും ലൂപിറ്റ തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ സംവിധായകനായ നോളൻ ഈ വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വംശീയത പ്രമേയമായി വരുന്ന ‘സുൾവെ’ എന്ന പ്രശസ്തമായ ചിൽഡ്രൻസ് ബുക്കിന്റെ രചയിതാവ് കൂടിയാണ് ലൂപിറ്റ നൊങ്‌യോ എന്നത് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ്.





