മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് നിർമ്മിച്ച് പണം തട്ടാൻ സബ്സ്ക്രിപ്ഷൻ കെണി.
‘ചീഫ് മിനിസ്റ്റർ വിഡിഎസ്’ എന്ന പേരിലുള്ള വ്യാജ പേജിലൂടെ സബ്സ്ക്രൈബ് ചെയ്യുന്നതിനായി മാസം തോറും 89 രൂപ വീതം ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ശ്രമിക്കുകയാണ് പേജ് ഉടമകൾ. വി. ഡി. സതീശൻ എന്ന് ഫെയ്സ്ബുക്കിൽ തിരയുമ്പോൾ ധാരാളം അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അതിൽ 5 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഒരു പേജാണ് ഇപ്പോൾ തട്ടിപ്പിനായി രംഗത്തിറങ്ങിയിരിക്കുന്നത്.
സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമേ പോസ്റ്റുകളും ലൈവ് വീഡിയോകളും കാണാൻ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അക്കൗണ്ട് പണം ആവശ്യപ്പെടുന്നത്. ഇത്രയധികം ഫോളോവേഴ്സ് ഉള്ളതിനാൽ ഇതിനകം തന്നെ നിരവധി പേർ ഈ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്.
എത്രപേർ പണം നൽകി സബ്സ്ക്രൈബ് ചെയ്തു എന്ന വിവരം പേജിൽ മറച്ചുവെച്ചിരിക്കുകയാണ്. സാധാരണയായി സിനിമാതാരങ്ങളുടെയും മറ്റും പേജുകളിൽ മാത്രം കണ്ടുവരാറുള്ള ഇത്തരത്തിലുള്ള പെയ്ഡ് സബ്സ്ക്രിപ്ഷൻ രീതിയാണ് മുഖ്യമന്ത്രിയുടെ പേരിൽ വ്യാജമായി നടപ്പിലാക്കുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പേരിൽ ഒരേയൊരു വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് മാത്രമേയുള്ളൂ എന്നും, പണം ആവശ്യപ്പെടുന്ന ഇത്തരം പേജുകളെല്ലാം വ്യാജമാണെന്നും ഓഫീസ് അറിയിച്ചു. സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, ഇത്തരം വ്യാജ പേജുകൾ കണ്ടാൽ ഉടൻ തന്നെ ഫെയ്സ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.സാങ്കേതികവിദ്യയുടെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ സൂചന നൽകുന്നു.





