വിജയ് ആന്റണിയും സംവിധായകൻ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി മലയാളി താരങ്ങളായ സ്വാസികയും ലിജോമോളും എത്തുന്നുണ്ട്.
‘സെൽവി’ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് സ്വാസിക. വിധവയായ അമ്മയായാണ് താരം ചിത്രത്തിലെത്തുന്നത്. കരുണാസ്, അജയ് ദിഷൻ എന്നിങ്ങനെ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. “ഭക്ഷണം, ഉറങ്ങാനൊരിടം, ഒരു കൂട്ട് എന്നിവയാണ് മനുഷ്യന് വേണ്ടത്” എന്ന ലിജോമോളിന്റെ സംഭാഷണത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്.
വിജയ് ആന്റണി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എസ്.ബി. ദർശൻ കിർലോഷ് ഛായാഗ്രഹണവും ഹാരിഷ് യുവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തും.





