അത്തരത്തിൽ സമാനതകളില്ലാത്ത ധീരതയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ലാൻസ് നായിക് മീനാക്ഷി സുന്ദരം എ. ഭീകരരുടെ വെടിയുണ്ടകൾ മുഖത്ത് തുളച്ചുകയറിയിട്ടും, ചോര വാർന്നൊഴുകുന്ന ശരീരവുമായി ശത്രുവിനെ വീഴ്ത്തിയ ഈ പോരാളിയുടെ വീര്യത്തെ രാജ്യം ‘കീർത്തിചക്ര’ പുരസ്കാരം നൽകിയാണ് ആദരിച്ചത്.
തമിഴ്നാട് സ്വദേശിയായ മീനാക്ഷി സുന്ദരം ഇന്ത്യൻ സൈന്യത്തിന്റെ റെജിമെന്റ് ഓഫ് ആർട്ടിലറിയിലെ അംഗമാണ്. ദക്ഷിണ കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി 34 രാഷ്ട്രീയ റൈഫിൾസിലാണ് (34 RR) അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
കശ്മീരിലെ കഠിനമായ തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു മീനാച്ചി സുന്ദരത്തിന്റെ ജീവിതത്തിലെ ആ നിർണായക ദൗത്യം അരങ്ങേറിയത്. കുൽഗാം മേഖലയിലെ ഒരു വീടിനുള്ളിൽ മാരകായുധങ്ങളുമായി ഭീകരർ ഒളിച്ചിരിക്കുന്നു എന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ആരംഭിച്ചു. പ്രദേശം മുഴുവൻ വളഞ്ഞ സംഘത്തിൽ, ശത്രുക്കൾ രക്ഷപ്പെടാൻ സാധ്യതയുള്ള ഏറ്റവും മുൻനിരയിലെ അതീവ അപകടകരമായ പോസ്റ്റിലായിരുന്നു മീനാച്ചി സുന്ദരത്തിന് ചുമതല. സൈന്യത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഭീകരർ പെട്ടെന്ന് കനത്ത വെടിവെപ്പും ഗ്രനേഡ് ആക്രമണവും തുടങ്ങി.ഈ അപ്രതീക്ഷിത ആക്രമണത്തിനിടയിലാണ് ഭീകരരുടെ ഭാഗത്തുനിന്നുള്ള വെടിയുണ്ടകൾ മീനാച്ചി സുന്ദരത്തിന്റെ മുഖത്തും വലതു തോളിലും പതിച്ചത്. ഗുരുതരമായി പരിക്കേറ്റ്, കടുത്ത വേദനയാൽ കാഴ്ച പോലും മങ്ങുന്ന അവസ്ഥയിലും അദ്ദേഹം പിൻവാങ്ങാൻ തയ്യാറായില്ല. താൻ അവിടെനിന്ന് മാറിയാൽ ഭീകരർ രക്ഷപ്പെടുമെന്നും അത് ഒപ്പമുള്ള മറ്റ് സൈനികരുടെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
ചോരയൊലിക്കുന്ന മുഖവുമായി, അസാമാന്യമായ മനോധൈര്യത്തോടെ അദ്ദേഹം തന്റെ റൈഫിളിൽ പിടിമുറുക്കി മുന്നോട്ട് നീങ്ങി.
തൊട്ടടുത്തുനിന്നുള്ള ആ കടുത്ത പോരാട്ടത്തിൽ, ശത്രുവിന്റെ വെടിയുണ്ടകളെ വകവെക്കാതെ മീനാച്ചി സുന്ദരം തൊടുത്ത വെടിയുണ്ടകൾ കൃത്യമായി കൊടുംഭീകരന്റെ നെഞ്ചിൽ പതിച്ചു. ആ ഭീകരനെ അവിടെവെച്ചുതന്നെ വധിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കടുത്ത പരിക്കുകൾക്കിടയിലും അദ്ദേഹം കാണിച്ച ഈ അടിയന്തര തീരുമാനവും ധീരതയുമാണ് ആ സൈനിക ദൗത്യത്തെ വലിയൊരു വിജയത്തിലെത്തിച്ചത്. സ്വന്തം ജീവൻ പണയം വെച്ചും സഹപ്രവർത്തകരുടെ ജീവൻ കാത്ത അദ്ദേഹത്തിന്റെ ധീരതയ്ക്ക് മുന്നിൽ രാജ്യം തലകുനിച്ചു.
മാതൃരാജ്യത്തിനായി അദ്ദേഹം കാഴ്ചവെച്ച ഈ സമാനതകളില്ലാത്ത അർപ്പണബോധത്തിനാണ് ഭാരത സർക്കാർ കീർത്തിചക്ര ബഹുമതി സമ്മാനിച്ചത്. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അദ്ദേഹം ഈ ആദരം ഏറ്റുവാങ്ങി. ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് യുവതലമുറയ്ക്ക് എന്നും ആവേശം പകരുന്ന ഒന്നാണ് ലാൻസ് നായിക് മീനാച്ചി സുന്ദരത്തിന്റെ ഈ പോരാട്ടവീര്യം.





