38 വർഷത്തെ ഇടവേളക്ക് ശേഷം ക്യാമാറയ്ക്ക് മുന്നിലെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും തിരിച്ചെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്.
ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമായ വിഡിയോയാണ് പിന്നാലെ പുറത്തുവന്നത്. 1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13ന് ആണ് പ്രിയദർശനും ലിസിയും വിവാഹിതരാകുന്നത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്.
പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികകുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ലിസി പങ്കുവച്ചത്. സെറ്റിൽ പരിഭ്രമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്നും തൻ്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങൾ നന്നായി അറിയുന്നത് പ്രിയദർശനാണെന്നും ലിസി കുറിച്ചു.





