തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിശ്വനാഥൻ ആൻ്റ് സൺസ്’ ഓണക്കാലത്തിന് മുന്നോടിയായി ആഗസ്റ്റ് 14-ന് തീയറ്ററുകളിലേക്ക് എത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം പ്രശസ്ത സംവിധായകൻ വെങ്കി അറ്റൂരി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് തിയറ്ററുകളിൽ വൻ ഓളം സൃഷ്ടിക്കുമെന്നുറപ്പാണ്.
കേരളത്തിൽ വൻ വിജയം നേടിയ ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിന് ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ഈ ചിത്രം ന്യൂസൂര്യ ഫിലിംസ് ആണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന പ്രൊമോ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥൻ ആൻ്റ് സൺസി’നുണ്ട്. സൂപ്പർഹിറ്റ് ചിത്രം ‘കറുപ്പ്’ നൽകിയ വലിയ വിജയത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന സിനിമയായതിനാൽ ആരാധകർ വൻ പ്രതീക്ഷയിലാണ്. മമിത ബൈജു,
ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻറർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകൾ.





