ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ നടന്ന പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നായിക സാത്വിക വീരവല്ലിക്കും മികച്ച പ്രശംസ ലഭിക്കുന്നുണ്ട്.
ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലി കല്പനയെയും അവതരിപ്പിക്കുന്നു. സമൂഹം മുന്നോട്ടുവെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന കല്പനയ്ക്ക് പിന്തുണയാകുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികതയും പ്രണയവും പ്രചോദനവും മനോഹരമായി കോർത്തിണക്കിയ അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ ബാനറുകളിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. മികച്ച മേക്കിംഗ്, ദൃശ്യാവിഷ്കാരം, താരങ്ങളുടെ പ്രകടനം എന്നിവയും ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങൾ നേടിക്കൊടുക്കുന്നുണ്ട്.






