അണ്ടർ 23 വനിതാ ട്വന്റി20 ദേശീയ ചാമ്പ്യൻഷിപ്പിൽ ഝാർഖണ്ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം. ക്യാപ്റ്റൻ വി.ജെ. ജോഷിതയുടെ വെടിക്കെട്ട് അർധ സെഞ്ചുറിയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. പ്രിയങ്ക 54 റൺസും ശിഖ 33 റൺസും നേടി. കേരളത്തിനായി സൂര്യ സുകുമാർ, സി.വി. അനുഷ്ക, നിയതി ആർ. മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അമീറ ബീഗവും ശ്രേയ സിജുവും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ കേരളം സമ്മർദ്ദത്തിലായി. ഈ ഘട്ടത്തിൽ ജോഷിതയും ശ്രേയ സിജുവും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു.
26 പന്തിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 53 റൺസ് നേടിയ ജോഷിതയാണ് കേരളത്തിന്റെ വിജയശിൽപി. ശ്രേയ സിജു 36 റൺസും അമീറ ബീഗം 39 റൺസും നേടി. നാല് പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു.






