പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ‘ഭൗമ’. റിലീസിന് പിന്നാലെ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ പ്രദർശന കേന്ദ്രങ്ങൾ വർധിപ്പിച്ചു. ആദ്യ വാരം 90 തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം രണ്ടാം വാരത്തിൽ 145 തിയേറ്ററുകളിലേക്കാണ് എത്തുന്നത്. ഇതിനൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിലെ ദുരൂഹതകൾക്ക് തുടർച്ചയാകും സീക്വലെന്നും അണിയറപ്രവർത്തകർ സൂചന നൽകിയിട്ടുണ്ട്.
സിനിമയുടെ ക്ലൈമാക്സും അതിലൂടെ പുറത്തുവരുന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും കഥാപാത്രങ്ങളുടെ പ്രകടനവുമാണ് ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം കൂടുതൽ ശക്തമാക്കുന്നതിൽ ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും നിർണായകമായി. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച സ്വീകരണമാണ് രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനത്തിലേക്ക് അണിയറപ്രവർത്തകരെ നയിച്ചത്. ആദ്യ ചിത്രത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങൾക്ക് തുടർഭാഗം കൂടുതൽ വ്യക്തത നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.






