മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ‘അതിമനോഹരം’ പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയുണർത്തിയ ചിത്രമാണ്. ലവ്ലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ട ഒരു രംഗം തന്നെ ഏറെ വിസ്മയിപ്പിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാർ.
സംവിധായകൻ തരുൺ മൂർത്തിയെ കാണാനായി ലൊക്കേഷനിലെത്തിയപ്പോഴാണ് ഷൂട്ടിങ് കാണാൻ അവസരം ലഭിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുറച്ചുനേരം ചിത്രീകരണം നിരീക്ഷിച്ചെന്നും അന്ന് സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗമാണ് ഷൂട്ട് ചെയ്തിരുന്നതെന്നും വിനായക് ഓർത്തെടുത്തു. വെറും പത്ത് മിനിറ്റ് മാത്രമാണ് ഷൂട്ടിങ് കണ്ടതെങ്കിലും ആ അനുഭവം ഏറെ ആവേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ പ്രകടനത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ളൊരു ഭാവപ്രകടനം അനുഭവപ്പെട്ടെന്നാണ് വിനായകിന്റെ വാക്കുകൾ. ആ രംഗം കണ്ടതോടെ ചിത്രത്തിന്റെ കഥ അറിയാനുള്ള ആകാംക്ഷ വർധിച്ചെന്നും തുടർന്ന് തിരക്കഥാകൃത്ത് രതീഷിനോട് കഥയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ മോഹൻലാലിന്റെ ക്രിസ്മസ് റിലീസിനായി കാത്തിരിക്കുകയാണെന്നും വിനായക് കൂട്ടിച്ചേർത്തു.






