കൊലയാളി എന്ന മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാക്കുമ്പോഴും താൻ നിരപരാധിയാണെന്ന് ആ മനുഷ്യൻ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. നീണ്ട 24 വർഷത്തെ ജയിൽവാസം ഒടുവിൽ ന്യൂമോണിയയുടെ രൂപത്തിൽ അയാളുടെ ജീവനെടുത്തപ്പോഴും ആ കുടുംബം പോരാട്ടം അവസാനിപ്പിച്ചില്ല. ജപ്പാനെ ഒന്നടങ്കം പിടിച്ചുലച്ച ഹിരോമു സകാഹാര എന്ന മനുഷ്യന്റെ കഥയാണിത്.
മരിച്ച് 15 വർഷങ്ങൾക്ക് ശേഷം, അതും അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കിൽ കേൾക്കാൻ ഏറെ കൊതിച്ചിരുന്ന ആ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്; സകാഹാരയുടെ കേസ് ജാപ്പനീസ് കോടതി വീണ്ടും പുനർവിചാരണയ്ക്ക് എടുക്കുന്നു!
എല്ലാം തുടങ്ങിയത് 1984 ലാണ്. ജപ്പാനിലെ ഹിനോ നഗരത്തിലെ ഒരു മദ്യശാലയിൽ നടന്ന കവർച്ചയും മാനേജരുടെ കൊലപാതകവുമാണ് സകാഹാരയുടെ സാധാരണ ജീവിതം തകിടം മറിച്ചത്. ആ മദ്യശാലയിലെ സ്ഥിരം സന്ദർശകനായിരുന്ന സകാഹാരയെ പോലീസ് സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തു. എന്നാൽ കൊലപാതകം നടന്ന രാത്രിയിൽ അദ്ദേഹം മറ്റൊരിടത്തായിരുന്നുവെന്ന് ഭാര്യ തെളിയിച്ചതോടെ പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. പക്ഷേ, കഥ അവിടെ തീർന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം പോലീസ് വീണ്ടും അദ്ദേഹത്തെ തേടിയെത്തി. ഒരു ദിവസം മുഴുവൻ നീണ്ട ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ സകാഹാര കുറ്റം സമ്മതിച്ചതായി പോലീസ് പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന വിചാരണയിൽ, താൻ നിരപരാധിയാണെന്നും പോലീസ് ക്രൂരമായി മർദ്ദിച്ചും കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് കുറ്റസമ്മതം ഒപ്പിടുവിച്ചതെന്നും സകാഹാര കോടതിയിൽ തുറന്നുപറഞ്ഞു. എന്നാൽ പോലീസിന്റെ വാദങ്ങൾ ശരിവെച്ച കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
ജയിലിലെ ദുരിതപൂർണ്ണമായ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. ഒടുവിൽ 2011-ൽ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ജയിലിനുള്ളിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.
പിതാവിനെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടത്തിലും കുടുംബം നിയമപോരാട്ടം കൈവിട്ടില്ല. ‘കൊലയാളിയുടെ കുടുംബം’ എന്ന് വിളിച്ച് സമൂഹം ക്രൂരമായി അധിക്ഷേപിച്ചപ്പോഴും, അമ്മയ്ക്ക് വന്നിരുന്ന ഭീഷണി കോളുകളെ അതിജീവിച്ചും മകൻ കോജി സകാഹാരയും കുടുംബവും
പോരാടിക്കൊണ്ടേയിരുന്നു.
ആ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് ഇപ്പോൾ ജാപ്പനീസ് കോടതിയിലൂടെ വഴിത്തിരിവുണ്ടായിരിക്കുന്നത്. വൈകിയാണെങ്കിലും തേടിയെത്തിയ ഈ അനുകൂല വിധി പങ്കുവെക്കാൻ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ സകാഹാരയുടെ കല്ലറയ്ക്ക് ചുറ്റും ഒത്തുകൂടി. മരണാനന്തരമെങ്കിലും അദ്ദേഹത്തിന്റെ പേരിൽ വീണ കറ കഴുകിക്കളയാൻ ഈ പുനർവിചാരണയിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.





