റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ വംശഹത്യ നടത്തിയതിന് മ്യാൻമറിനെ ഉത്തരവാദിയാക്കി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). കോടതിയുടെ 80 വർഷത്തെ ചരിത്രത്തിൽ വംശഹത്യയുടെ പേരിൽ ഒരു രാജ്യത്തെ ഉത്തരവാദിയാക്കുന്നത് ഇതാദ്യമാണ്. ആറിനെതിരെ ഒൻപത് വോട്ടുകൾക്കാണ് നിർണായക വിധി. 2017-ൽ മ്യാൻമർ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമർത്തലുകളെത്തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകൾക്ക് ബംഗ്ലാദേശിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നിരുന്നു.
മ്യാൻമർ സുരക്ഷാസേന ആയിരക്കണക്കിന് റോഹിങ്ക്യകളെ കൊലപ്പെടുത്തിയതായും സ്ത്രീകൾക്കെതിരെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും കുട്ടികൾക്കെതിരെ ക്രൂരമായ ആക്രമണങ്ങളും നടത്തിയതായും കോടതി കണ്ടെത്തി. റോഹിങ്ക്യൻ ഗ്രാമങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയും പകരം മറ്റ് വിഭാഗക്കാരെ കുടിയിരുത്തുകയും ചെയ്തതായും നിരീക്ഷിച്ചു. ഈ നടപടികളിലൂടെ റോഹിങ്ക്യൻ ജനതയെ ഉന്മൂലനം ചെയ്യുകയായിരുന്നു മ്യാൻമറിന്റെ ലക്ഷ്യമെന്നതാണ് ഏറ്റവും യുക്തിസഹമായ നിഗമനമെന്നും കോടതി വ്യക്തമാക്കി.
പലായനം ചെയ്ത റോഹിങ്ക്യകൾക്ക് സുരക്ഷിതമായും സ്വമേധയാ മാന്യമായും സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കാൻ മ്യാൻമറിനോട് കോടതി നിർദേശിച്ചു. വംശഹത്യയിൽ പങ്കുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ വിധി നടപ്പാക്കാൻ ഐസിജെയ്ക്ക് നേരിട്ട് അധികാരമില്ലാത്തതിനാൽ മ്യാൻമർ ഇത് പാലിക്കുമോയെന്നത് അനിശ്ചിതത്വത്തിലാണ്. വംശഹത്യ നടന്ന സമയത്ത് സൈന്യത്തെ നയിച്ചിരുന്ന മിൻ ഓങ് ഹ്ലെയിംഗ് 2021-ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റാണ്.






