വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് (PUC) പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കവും വിഭാഗവും പരിഗണിച്ച് സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. ഇതുസംബന്ധിച്ച വിജ്ഞാപനം നവംബർ 13-നാണ് പുറത്തിറക്കിയത്.
പുതുക്കിയ ചട്ടപ്രകാരം ബിഎസ് 6 വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനങ്ങളുടെ വിഭാഗത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയക്രമത്തിലും മാറ്റങ്ങൾ ബാധകമാകും.
വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതി കണക്കിലെടുത്തായിരിക്കും അതിന്റെ പഴക്കം നിർണയിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ചട്ടപ്രകാരം പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുമാനിക്കുക.






