യുഎഫ്ഒ രഹസ്യങ്ങൾ പുറത്ത്; ട്രംപിന്റെ നിർദ്ദേശപ്രകാരം ‘പേഴ്സ്യൂ’ പോർട്ടൽ തുറന്നു

ദശകങ്ങളായി അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അജ്ഞാത പേടകങ്ങളെയും (UFO) അന്യഗ്രഹജീവനെയുമുള്ള വിവരങ്ങൾ പുറത്തുവിട്ടു. ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം 160-ലധികം ഫയലുകളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. ഇവ പൊതുജനങ്ങൾക്ക് കാണുന്നതിനായി PURSUE എന്ന പേരിൽ പുതിയ വെബ് പോർട്ടലും യുഎസ് ഗവൺമെന്റ് ആരംഭിച്ചു. 1972-ലെ അപ്പോളോ 17 മിഷനിൽ ചന്ദ്രോപരിതലത്തിന് മുകളിൽ കണ്ട ത്രികോണാകൃതിയിലുള്ള പ്രകാശ ബിന്ദുക്കളുടെ ചിത്രം പുറത്തുവന്നു. ചന്ദ്രനിൽ തിളക്കമുള്ള പ്രകാശഗോളങ്ങൾ കണ്ടതായി സഞ്ചാരി ഹാരിസൺ ജാക്ക് സ്മിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.ഈ ദൃശ്യങ്ങളടക്കം സിറിയയ്ക്കും ഇറാഖിനും മുകളിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ‘ബൗൺസി ബോൾ’ ആകൃതിയിലുള്ള വസ്തുക്കളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു.1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ ‘പറക്കും തളിക’ റിപ്പോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു. പുറത്തുവിട്ട പല ദൃശ്യങ്ങളും ഇപ്പോഴും ‘പരിഹരിക്കപ്പെടാത്തവ’ (Unresolved) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങളിൽ പലതും ക്യാമറ ലെൻസിലെ തകരാറുകളോ ഉൽക്കാപതനങ്ങളോ ആകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഘട്ടമായി പുറത്തുവിടുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

വി. ഡി സതീശന്‍ മുഖ്യമന്ത്രിയാവുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചു ജിബു ജേക്കബ്!

2021-ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അന്ന് വെള്ളിത്തിരയില്‍ കണ്ട വി.എം. സതീശന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാകേന്ദ്രമാകുമ്പോള്‍, സംവിധായകന്‍ ജിബു ജേക്കബിന് പറയാനുള്ളത് വലിയൊരു ദീര്‍ഘവീക്ഷണത്തിന്റെ കഥയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയില്‍ കണ്ട ക്ലൈമാക്‌സ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വി.എം. സതീശന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയാകുന്ന രംഗം ഇന്ന് വെറുമൊരു സിനിമാ സീനല്ല, മറിച്ച് ഒരു പ്രവചനമായി മാറിയിരിക്കുകയാണ്. അന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിട്ടില്ല. എന്നിട്ടും ജിബു ജേക്കബ് തന്റെ കഥാപാത്രത്തിന് ‘വി.എം. സതീശന്‍’ എന്ന് പേരിട്ടു. അത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് സംവിധായകന്റെ രാഷ്ട്രീയ നിരീക്ഷണമായിരുന്നു. ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല, എംഎല്‍എമാരാണ്’ എന്ന ഡയലോഗും അതിന് സിദ്ദീഖ് നല്‍കുന്ന മാസ് മറുപടിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് കൃത്യമായി ഇണങ്ങുന്നതാണ്.ഇടത്-വലത് മുന്നണികളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും സിനിമ പച്ചയായി കാണിച്ചു. ‘രാഷ്ട്രീയം ഞാന്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് സതീശന്‍ മുഖ്യമന്ത്രിയായി വരണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.2021-ല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ തിരഞ്ഞുപിടിച്ചു കാണുകയാണ്.സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

7 മുഖ്യമന്ത്രിമാർക്കൊപ്പം അഭിനയിച്ച ലോകത്തിലെ ഒരേയൊരു നടി; ചരിത്രമായി മനോരമ

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വമായ ഒരു നേട്ടത്തിന് ഉടമയാണ് ‘ആച്ചി’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന മനോരമ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിനിന്ന ഏഴ് മുഖ്യമന്ത്രിമാർക്കൊപ്പം വെള്ളിത്തിര പങ്കിട്ടു എന്നതാണ് ആ റെക്കോർഡ്. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ (എം.ജി.ആർ), എം. കരുണാനിധി, ജയലളിത എന്നിവർക്കൊപ്പം അവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാടിന് പുറമെ, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എൻ.ടി. രാമറാവുവിനൊപ്പവും മനോരമ അഭിനയിച്ചു. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്ന ഒ. പനീർസെൽവം, എം.കെ. സ്റ്റാലിൻ എന്നിവർക്കൊപ്പവും സിനിമയിൽ അഭിനയിക്കാൻ അവർക്ക് സാധിച്ചു. ആയിരത്തിലധികം സിനിമകളിലും അയ്യായിരത്തിലധികം നാടകങ്ങളിലും വേഷമിട്ട മനോരമയുടെ അഭിനയ ജീവിതം വെറുമൊരു റെക്കോർഡിൽ ഒതുങ്ങുന്നതല്ല. സഹപ്രവർത്തകർ എന്നതിലുപരി ഈ രാഷ്ട്രീയ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്താനും അവർക്ക് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമയിലെയും രാഷ്ട്രീയത്തിലെയും ദശാബ്ദങ്ങൾ നീണ്ട മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയായിരുന്നു അവർ. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും ശ്രദ്ധിക്കപ്പെട്ടു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2015-ൽ അന്തരിച്ചെങ്കിലും, തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന ഈ റെക്കോർഡ് ഇന്നും ആച്ചി മനോരമയുടെ പേരിൽ സുരക്ഷിതമായി തുടരുന്നു.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ: പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു

ഐപിഎൽ 2026-ന്റെ ലീഗ് ഘട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം അതീവ സങ്കീർണ്ണമായി മാറിക്കഴിഞ്ഞു. ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 52-ാം പോരാട്ടത്തിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ വിജയം മാത്രമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ടൂർണമെന്റിന്റെ തുടക്കത്തിൽ തുടർച്ചയായ നാല് വിജയങ്ങളുമായി കുതിച്ച രാജസ്ഥാന് പിന്നീട് ആ വേഗത നിലനിർത്താൻ കഴിഞ്ഞിട്ടില്ല. അവസാന ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ജയിക്കാനായി പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ ഈ മത്സരത്തിലെ രണ്ട് പോയിന്റുകൾ അത്യന്താപേക്ഷിതമാണ്.അതേസമയം ഗുജറാത്ത് ടൈറ്റൻസ് കൃത്യമായ സമയത്ത് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലിലും വിജയിച്ച ശുഭ്മാൻ ഗില്ലും സംഘവും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഈ സീസണിൽ ലക്ഷ്യങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിലാണ് ടൈറ്റൻസ് കൂടുതൽ കരുത്ത് കാട്ടിയിട്ടുള്ളത്. അവരുടെ ആറ് വിജയങ്ങളിൽ അഞ്ചും ചേസിംഗിലൂടെയായിരുന്നു എന്നത് രാജസ്ഥാൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും അഹമ്മദാബാദിൽ വെച്ച് നടന്ന കഴിഞ്ഞ പോരാട്ടത്തിൽ 211 എന്ന വലിയ സ്കോർ പ്രതിരോധിച്ചുകൊണ്ട് ഗുജറാത്തിനെ തോൽപ്പിച്ചതിന്റെ ആവേശം രാജസ്ഥാൻ റോയൽസിന് കരുത്തുപകരും.ഇരു ടീമുകളുടെയും ബാറ്റിംഗ് നിര പ്രധാനമായും ആശ്രയിക്കുന്നത് അവരുടെ കരുത്തുറ്റ ടോപ്പ് ഓർഡറിനെയാണ്. രാജസ്ഥാൻ നിരയിൽ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും നൽകുന്ന മികച്ച തുടക്കങ്ങൾ ടീമിന് വലിയ സ്കോറുകൾ സമ്മാനിക്കുന്നുണ്ടെങ്കിലും മധ്യനിരയിലെ പതർച്ച പലപ്പോഴും തിരിച്ചടിയാവുന്നുണ്ട്. റിയാൻ പരാഗും ധ്രുവ് ജുറെലും ഫോമിലേക്ക് തിരിച്ചെത്തുന്നത് ടീമിന് ആശ്വാസം നൽകുന്ന കാര്യമാണ്. മറുവശത്ത് ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവരടങ്ങുന്ന ടോപ്പ് ത്രീ നൽകുന്ന അടിത്തറയിലാണ് ഗുജറാത്തിന്റെ പ്രതീക്ഷകൾ. നിശാന്ത് സിന്ധുവിനെയും വാഷിംഗ്ടൺ സുന്ദറിനെയും പോലെയുള്ള താരങ്ങൾ മധ്യനിരയിൽ പക്വതയോടെ കളിക്കുന്നത് ടൈറ്റൻസിന് കരുത്താകുന്നു. ബൗളിംഗ് നിരയിലും ലോകോത്തര താരങ്ങളുടെ വലിയൊരു നിര തന്നെ ഇന്ന് മൈതാനത്തിറങ്ങുന്നുണ്ട്. ഗുജറാത്തിന് വേണ്ടി 16 വിക്കറ്റുകളുമായി കഗിസോ റബാഡ കുതിക്കുമ്പോൾ 15 വിക്കറ്റുകളുമായി ജോഫ്ര ആർച്ചർ രാജസ്ഥാൻ നിരയിൽ തിരിച്ചടി നൽകാൻ കാത്തിരിക്കുന്നു. പവർപ്ലേ ഓവറുകളിൽ മുഹമ്മദ് സിറാജും റബാഡയും ചേർന്ന് നൽകുന്ന സമ്മർദ്ദം മറികടക്കുക എന്നത് ഏതൊരു ബാറ്റിംഗ് നിരയ്ക്കും പ്രയാസകരമാണ്. സ്പിൻ വിഭാഗത്തിൽ രവി ബിഷ്ണോയിയും റാഷിദ് ഖാനും തമ്മിലുള്ള പോരാട്ടവും മത്സരത്തിന്റെ ഗതി നിർണ്ണയിക്കും. ഇരുവരും 11 വിക്കറ്റുകൾ വീതം നേടി തുല്യശക്തികളായി നിലകൊള്ളുകയാണ്.ജയ്‌പൂരിലെ പിച്ചിലെ പ്രത്യേകതകളും മത്സരഫലത്തെ സ്വാധീനിക്കും. ഈ സീസണിൽ ഇവിടെ നടന്ന മത്സരങ്ങളിൽ 225-ന് മുകളിൽ സ്കോർ ചെയ്തിട്ടും രാജസ്ഥാന് തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്. സ്വന്തം തട്ടകമെങ്കിലും ജയ്‌പൂരിൽ ഗുജറാത്തിനെതിരെയുള്ള റെക്കോർഡ് രാജസ്ഥാന് അത്ര അനുകൂലമല്ല. നേർക്കുനേർ പോരാട്ടങ്ങളിൽ ആകെ ഒൻപത് മത്സരങ്ങളിൽ ആറിലും വിജയിച്ചത് ടൈറ്റൻസാണ്. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈ ചരിത്രം തിരുത്തിക്കുറിക്കാനും പ്ലേ ഓഫ് സ്വപ്നങ്ങൾ സജീവമാക്കാനും രാജസ്ഥാൻ റോയൽസ് ഇന്ന് സർവ്വ കരുത്തും പുറത്തെടുക്കുമെന്ന് ഉറപ്പാണ്

കാത്തിരിപ്പിന് വിരാമം!തിയറ്ററുകളില്‍ കോടികള്‍ വാരിയ രണ്‍വീര്‍ സിംഗിന്റെ ‘ധുരന്ധര്‍ 2’ ഇനി ഒടിടിയിലേക്ക്…

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച രണ്‍വീര്‍ സിംഗിന്റെ മാസ്സ് പ്രകടനം ഇനി നെറ്റ്ഫ്‌ലിക്‌സില്‍.ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ഈ ആക്ഷന്‍ വിരുന്ന് ഒടിടിയില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.തിയറ്ററുകളില്‍ നിന്ന് 3000 കോടിയിലധികം രൂപ ആഗോളതലത്തില്‍ വാരിക്കൂട്ടിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം മെയ് 14-ന് സ്ട്രീമിംഗ് ആരംഭിക്കും. ഷാരൂഖ് ഖാന് ശേഷം തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ സ്വന്തമാക്കുന്ന ബോളിവുഡ് താരമെന്ന നേട്ടവും ഇനി രണ്‍വീര്‍ സിംഗിന് സ്വന്തം. ‘ജവാന്‍’, ‘പത്താന്‍’ എന്നിവയിലൂടെ കിംഗ് ഖാന്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് രണ്‍വീര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കേരളത്തിലും ‘ധുരന്ധര്‍’ തരംഗം സൃഷ്ടിച്ചിരുന്നു.മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം 14 കോടി രൂപയ്ക്ക് മുകളില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധറിന് സ്വന്തം.ആദിത്യ ധര്‍ ഒരുക്കിയ ഈ മാസ്സ് ത്രില്ലര്‍ തിയറ്ററുകളിലെ ആവേശത്തിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്ന പ്രതിക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം.

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

ഇലക്ഷൻ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആർസി (RC) ആണോ, കെസി (KC) ആണോ അതോ വിഡി (VD) ആണോ എന്ന ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ലെന്ന് മാത്രമല്ല, ഓരോ നിമിഷവും സസ്പെൻസ് കൂടി വരികയാണ്. ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാലിന് (KC) എംഎൽഎമാർക്കിടയിൽ വലിയ മുൻതൂക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് വലിയ വിവാദമായിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്ക്. മലബാറിലെ ഭൂരിപക്ഷം എംഎൽഎമാരും കെ.സി. പക്ഷത്താണെന്നും, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും വാർത്തകൾ വരുന്നു. “നമ്പറുകളാണ് ജനാധിപത്യത്തിൽ പ്രധാനം” എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ കെ.സി. ക്യാമ്പ് ആവേശത്തിലാണ്.മറുഭാഗത്ത്, സീനിയോറിറ്റിയും അനുഭവപരിചയവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല (RC). ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും 23-ഓളം എംഎൽഎമാരുടെ കൂറും ചെന്നിത്തല അവകാശപ്പെടുന്നു. “ഇതൊരു പരീക്ഷണത്തിനുള്ള സമയമല്ല” എന്ന് അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ‘ദളപതി’ വിജയ് മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു, പക്ഷേ സീറ്റില്ല. ഇവിടെയാണെങ്കിൽ ആവശ്യത്തിന് സീറ്റുണ്ട്, പക്ഷേ ആര് തലപ്പത്തിരിക്കണം എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്! നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഭദ്രനെപ്പോലെയുള്ള സിനിമാ സംവിധായകരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി സതീശന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നെട്ടോട്ടത്തിലാണ്. ഗണപതിഹോമം മുതൽ ആത്മഹത്യാശ്രമങ്ങൾ വരെ… നേതാക്കളുടെ താമസ്ഥലത്തിന് മുന്നിലെ ഭീഷണി നിറഞ്ഞ ഫ്ലെക്സ് ബോർഡുകളും, സൈബറിടങ്ങളിലെ പെയ്ഡ് പിആർ ക്യാമ്പയിനുകളും കൊണ്ട് നാട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സി.പി.എം നിലപാടും ചർച്ചയാകുന്നു. മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെയെങ്കിലും ‘വെളുത്ത പുക’ ഉയരുമോ അതോ ഈ തർക്കം നീണ്ടുപോകുമോ? സാധാരണക്കാരൻ അന്തംവിട്ടു നോക്കിനിൽക്കുകയാണ്!

ഇനി ചായകുടി നിർത്താം അല്ലേ?സംസ്ഥാത്ത് ഹോട്ടൽ ഭക്ഷണത്തിന് വൻ വില വർധന

എന്താല്ലേ നമ്മുടെ ഒരു അവസ്ഥ! ഇനിയിപ്പോ വഴിയിലൊരു ഹോട്ടൽ കണ്ടാൽ കയറണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന ചായയ്ക്കും ഊണിനുമൊക്കെ ഇപ്പോൾ കൈപൊള്ളുന്ന വിലയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ (LPG) വില കുത്തനെ കൂടിയതോടെ ഹോട്ടലുടമകളും നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വൻ വിലവർധനവാണ് നിലവിൽ വന്നിരിക്കുന്നത്. പണ്ട് 12 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഗ്ലാസ് ചായയ്ക്ക് ഇനി 16 രൂപ നൽകണം. കേൾക്കുമ്പോൾ വെറും 4 രൂപയല്ലേ എന്ന് തോന്നുമെങ്കിലും, ദിവസവും പുറത്തുനിന്ന് ചായ കുടിക്കുന്നവർക്ക് ഇത് വലിയൊരു ബാധ്യതയാണ്. ഉച്ചയൂണിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട; 90 രൂപയ്ക്ക് കിട്ടിയിരുന്ന ഊണ് ഇപ്പോൾ 120 രൂപ കടന്നിരിക്കുകയാണ്. അതായത് ഒരൊറ്റയടിക്ക് 30 രൂപയുടെ വർധനവ്! ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ കൊടുക്കണം..പൊറോട്ടയ്ക്കും ചപ്പാത്തിക്കും തൽക്കാലം വില കൂട്ടിയിട്ടില്ലെങ്കിലും ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്കെല്ലാം ചെറിയ രീതിയിൽ വില വർധിപ്പിച്ചിട്ടുണ്ട്. പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ നിത്യക്കൂലിക്കാരും നഗരങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഈ വിലക്കയറ്റത്തിൽ ശരിക്കും ശ്വാസംമുട്ടുന്നത്. ഭക്ഷണത്തിനായി മാത്രം ഒരു വലിയ തുക മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുറപ്പാണ്. സർക്കാർ ഇടപെട്ട് ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ചുരുക്കത്തിൽ പറഞ്ഞാൽ, ഹോട്ടലിൽ കയറി വയറുനിറച്ചൊന്ന് കഴിക്കാൻ ഇനി പോക്കറ്റ് ശരിക്കും കീറേണ്ടി വരും!

പഴയ ആ പാവം പയ്യൻ ഇന്ന് ബ്രിട്ടനിലെ വലിയ സെലിബ്രിറ്റി; ‘ഗോൾ’ താരം ശിവയുടെ ഈ വളർച്ച ആരെയും അത്ഭുതപ്പെടുത്തും!

ഫുട്ബോൾ മൈതാനത്ത് പന്തുമായി ഓടി നടന്ന ആ പഴയ ‘രാഹുലിനെ’ ഓർമ്മയില്ലേ? കമൽ ചിത്രം ‘ഗോളിലൂടെ’ നമ്മുടെ പ്രിയങ്കരനായി മാറിയ ആ കൊച്ചു മിടുക്കൻ ഇന്ന് മലയാള സിനിമയുടെ അതിരുകൾ കടന്ന് ലോകം കീഴടക്കുകയാണ്. ശിവ റായ്‌ചന്ദാനി എന്ന ആ താരം ഇന്ന് കേവലം ഒരു നടൻ മാത്രമല്ല, ബ്രിട്ടീഷ് സിനിമയിലും കലാരംഗത്തും വിപ്ലവം സൃഷ്ടിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ്. താനൊരു ‘നോൺ ബൈനറി’ വ്യക്തിത്വമാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ശിവ, തന്റെ നിലപാടുകൾ കൊണ്ടും അസാമാന്യമായ കരിയർ വളർച്ച കൊണ്ടും ആരാധകരെ ഞെട്ടിക്കുകയാണിപ്പോൾ. ശിവ സംവിധാനം ചെയ്ത സിനിമകൾ പ്രശസ്തമായ ബാഫ്റ്റ (BAFTA) പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതും, ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ൽ അഭിനയിച്ചതുമെല്ലാം ഒരു ഇന്ത്യൻ വംശജനെ സംബന്ധിച്ച് വലിയ നേട്ടങ്ങളാണ്. ബ്രിട്ടനിലെ ഏറ്റവും മികച്ച 10 യുവ കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ശിവ, അവിടെ ക്വീർ സമൂഹത്തിന്റെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി കലയിലൂടെ പോരാടുന്നു. പണ്ട് ഗോളിൽ കണ്ട ആ കുസൃതിക്കാരൻ ബാലൻ ഇന്ന് അന്താരാഷ്ട്ര വേദിയിൽ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയത് ശരിക്കും അത്ഭുതകരമാണ്. മലയാളികൾ കണ്ടുപരിചയിച്ച ആ മുഖം ഇന്ന് ലോകത്തിന് മുൻപിൽ വലിയൊരു മാറ്റത്തിന്റെ അടയാളമായി നിൽക്കുന്നു.