എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

ഇലക്ഷൻ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആർസി (RC) ആണോ, കെസി (KC) ആണോ അതോ വിഡി (VD) ആണോ എന്ന ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ലെന്ന് മാത്രമല്ല, ഓരോ നിമിഷവും സസ്പെൻസ് കൂടി വരികയാണ്.

ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാലിന് (KC) എംഎൽഎമാർക്കിടയിൽ വലിയ മുൻതൂക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് വലിയ വിവാദമായിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്ക്. മലബാറിലെ ഭൂരിപക്ഷം എംഎൽഎമാരും കെ.സി. പക്ഷത്താണെന്നും, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും വാർത്തകൾ വരുന്നു. “നമ്പറുകളാണ് ജനാധിപത്യത്തിൽ പ്രധാനം” എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ കെ.സി. ക്യാമ്പ് ആവേശത്തിലാണ്.
മറുഭാഗത്ത്, സീനിയോറിറ്റിയും അനുഭവപരിചയവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല (RC). ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും 23-ഓളം എംഎൽഎമാരുടെ കൂറും ചെന്നിത്തല അവകാശപ്പെടുന്നു. “ഇതൊരു പരീക്ഷണത്തിനുള്ള സമയമല്ല” എന്ന് അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ‘ദളപതി’ വിജയ് മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു, പക്ഷേ സീറ്റില്ല. ഇവിടെയാണെങ്കിൽ ആവശ്യത്തിന് സീറ്റുണ്ട്, പക്ഷേ ആര് തലപ്പത്തിരിക്കണം എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്!

നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഭദ്രനെപ്പോലെയുള്ള സിനിമാ സംവിധായകരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി സതീശന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നെട്ടോട്ടത്തിലാണ്.

ഗണപതിഹോമം മുതൽ ആത്മഹത്യാശ്രമങ്ങൾ വരെ… നേതാക്കളുടെ താമസ്ഥലത്തിന് മുന്നിലെ ഭീഷണി നിറഞ്ഞ ഫ്ലെക്സ് ബോർഡുകളും, സൈബറിടങ്ങളിലെ പെയ്ഡ് പിആർ ക്യാമ്പയിനുകളും കൊണ്ട് നാട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സി.പി.എം നിലപാടും ചർച്ചയാകുന്നു.

മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെയെങ്കിലും ‘വെളുത്ത പുക’ ഉയരുമോ അതോ ഈ തർക്കം നീണ്ടുപോകുമോ? സാധാരണക്കാരൻ അന്തംവിട്ടു നോക്കിനിൽക്കുകയാണ്!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *