സത്യ നികേതൻ കെട്ടിടം തകർന്ന സംഭവം: ഉടമ അറസ്റ്റിൽ; ഏഴ് പേർ മരിച്ചു

ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ബൻസാൽ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്. അപകടം നടന്ന് 25 മണിക്കൂറിന് ശേഷമാണ് അറസ്റ്റ്. പ്രാദേശിക ജില്ലാ പൊലീസ്, സ്പെഷ്യൽ സ്റ്റാഫ്, ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആൺകുട്ടികൾക്കുള്ള പിജിയായി പ്രവർത്തിച്ചിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിട ഉടമ വർഷങ്ങളായി ഗുരുഗ്രാമിലാണ് താമസിക്കുന്നതെന്നും അവിടെ ഇയാളുടെ പേരിൽ നിരവധി കെട്ടിടങ്ങളും ഒരു ഹാർഡ്‌വെയർ കടയും ഉണ്ടെന്നും അയൽവാസി സി.പി. ശർമ പറഞ്ഞു. സംഭവത്തിൽ അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സസ്പെൻഡ് ചെയ്തു. സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ട് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവർക്കെതിരെയാണ് നടപടി. തകർന്ന കെട്ടിടത്തിന് സമീപമുള്ള അപകടാവസ്ഥയിലുള്ള കെട്ടിടം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഘട്ടംഘട്ടമായി പൊളിക്കുമെന്ന് എംസിഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ അറിയിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 960ഓളം കെട്ടിടങ്ങൾ പൊളിക്കുകയും 407 കെട്ടിടങ്ങൾ സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. 1500ഓളം കെട്ടിടങ്ങൾ സീൽ ചെയ്യാനും പൊളിക്കാനുമായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ചെയ്യാം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്ക് ചെയ്യാൻ കാത്തിരിക്കേണ്ടിയിരുന്നത്. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും വിതരണം ചെയ്യാനുള്ള ബുക്കിങ്ങുകളുടെ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് നൽകിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് പുതിയ തീരുമാനം ബാധകമാണ്. യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജവിപണിയെയും ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 12 മുതലാണ് ഗാർഹിക എൽപിജി ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾ അധിക സിലിണ്ടറുകൾ ബുക്ക് ചെയ്ത് സംഭരിക്കുന്നത് തടയാനും ലഭ്യമായ എൽപിജി എല്ലാവർക്കും തുല്യമായി വിതരണം ഉറപ്പാക്കാനുമായിരുന്നു നിയന്ത്രണം. രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും കേന്ദ്രസർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; അമിതനിരക്ക് പരാതിയിൽ നിർദേശം

അമിത നിരക്ക് ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മൾട്ടിപ്ലക്സ് തിയറ്ററുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിയറ്ററുകളിലെ ഭക്ഷണശാലകളും വിൽപ്പന കൗണ്ടറുകളും പരിശോധിച്ച ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കളുടെ വിലയും അളവും രേഖകളും പരിശോധിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് ഈടാക്കുന്ന വില, പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എം.ആർ.പി., വിൽപ്പന അളവ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ നിയമലംഘനമോ ക്രമക്കേടുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, ഉപഭോക്താക്കൾക്ക് സാധനങ്ങളുടെ വില വ്യക്തമായി മനസ്സിലാക്കാൻ വിലവിവര പട്ടിക സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ തിയറ്റർ അധികൃതർക്ക് നിർദേശം നൽകി. മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നിരക്കിലാണ് തിയറ്ററുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതെങ്കിലും, എം.ആർ.പി.യേക്കാൾ അധികം വില ഈടാക്കുന്ന സാഹചര്യത്തിൽ മാത്രമേ നിലവിലെ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിയറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വില സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഗുണനിലവാരമില്ലാത്ത മരുന്നെന്ന് പരാതി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഗുണനിലവാരമില്ലാത്ത മരുന്ന് ലഭിച്ചതായി പരാതി. ദഹനപ്രശ്‌നത്തിന് ഡോക്ടർ നിർദേശിച്ച റാണിറ്റിഡിൻ ഗുളികകളാണ് കുഴമ്പ് പരുവത്തിലായ നിലയിൽ ലഭിച്ചതെന്ന് ഇലന്തൂർ സ്വദേശി സുനിൽ കുമാർ ആരോപിച്ചു. മരുന്നിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഗുളികകൾക്ക് രൂപമാറ്റം സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഒരു ഗുളിക കഴിച്ചതിന് പിന്നാലെ വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും സുനിൽ കുമാർ പറഞ്ഞു. 2027 മെയ് വരെ കാലാവധിയുള്ള മരുന്നാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മരുന്ന് വീട്ടിൽ ഈർപ്പമുള്ള സ്ഥലത്ത് സൂക്ഷിച്ചതിനെ തുടർന്നാകാം കേടായതെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ സുനിൽ കുമാർ പരാതി നൽകി. ആരോഗ്യവകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ ദിശയിലും പരാതി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്.
ഗിഗ് തൊഴിലാളികൾക്ക് ഇനി വിശ്രമിക്കാൻ ഇടം; മൂന്ന് ജില്ലകളിൽ വിശ്രമമുറികൾ ഒരുങ്ങുന്നു.

ജോലിക്കിടെ വിശ്രമിക്കാൻ ഗിഗ് തൊഴിലാളികൾക്ക് സൗകര്യമൊരുക്കുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രത്യേക വിശ്രമമുറികൾ ആരംഭിക്കുന്നത്. വനിതകൾ ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടും. സ്ഥിരം ജോലിയോ മാസശമ്പളമോ ഇല്ലാതെ കരാർ, താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. ഭക്ഷ്യവിതരണ തൊഴിലാളികൾ ഉൾപ്പെടെ വിവിധ ഓൺലൈൻ ആപ്പുകളിലൂടെ സേവനം നൽകുന്നവരും ഇതിൽപ്പെടും. ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിശ്രമമുറികൾ ആരംഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കിടക്ക, ശൗചാലയം, കുടിവെള്ളം, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. തൊഴിൽ വകുപ്പ് നേരിട്ട് നടത്തിപ്പ് നിർവഹിക്കും. തുടക്കത്തിൽ വാടക കെട്ടിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പിന്നീട് കണ്ടെയ്നർ ബ്ലോക്ക് മാതൃകയിലും വിശ്രമമുറികൾ ഒരുക്കും. പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
സെപ്റ്റംബറിലും പൊള്ളും ചൂട്; കേരളത്തിൽ അസഹനീയ കാലാവസ്ഥ

മഴക്കാലം അവസാനിക്കാത്ത സെപ്റ്റംബറിൽ കേരളത്തിൽ ചൂട് കനക്കുന്നു. ഇടവപ്പാതിയുടെ പ്രതീതിയില്ലാതെ വേനൽക്കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല ജില്ലകളിലും പകൽ താപനില ഉയരുന്നത്. കാലാവസ്ഥയിലെ ഈ അസാധാരണ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സാധാരണ നിലയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതോടെയാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. പകൽ സമയത്ത് മാത്രമല്ല, പുലർച്ചെയുള്ള താപനിലയിലും കാര്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലേറെയാണ് പല പ്രദേശങ്ങളിലും പുലർച്ചെയുള്ള ചൂട്. ഇതിന് പിന്നാലെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും 75 മുതൽ 90 ശതമാനം വരെയാണ് ഹ്യൂമിഡിറ്റി രേഖപ്പെടുത്തുന്നത്. ചൂടിനൊപ്പം ഈർപ്പവും കൂടുന്നതോടെ ശരീരത്തിന് ചൂട് കൂടുതൽ അനുഭവപ്പെടുകയും അസ്വസ്ഥത വർധിക്കുകയും ചെയ്യുന്നു. മഴ ലഭിക്കേണ്ട സമയത്ത് വെയിലും ഉയർന്ന ഈർപ്പവും തുടരുന്നത് ജനജീവിതത്തെയും ബാധിക്കുന്നുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമാണ് ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉച്ചസമയത്തെ കടുത്ത വെയിൽ നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണമെന്നാണ് നിർദേശം. വരും ദിവസങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതുവരെ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.
ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കില്ല; സ്വകാര്യപങ്കാളിത്തം വികസിപ്പിക്കുകയാണ് ലക്ഷ്യം

ഐഎസ്ആർഒയെ സ്വകാര്യവൽക്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നത് ഐഎസ്ആർഒയുടെ പങ്ക് ഇല്ലാതാക്കാനല്ലെന്നും ഏജൻസി വ്യക്തമാക്കി. ബഹിരാകാശ ഗവേഷണം, നൂതന സാങ്കേതികവിദ്യ, ദേശീയ-തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഐഎസ്ആർഒയുടെ നേതൃത്വം തുടരുമെന്നും അറിയിച്ചു. 2020 മുതൽ നടപ്പാക്കിയ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളും 2023ലെ ഇന്ത്യൻ ബഹിരാകാശ നയവും ലക്ഷ്യമിടുന്നത് കൂടുതൽ ശക്തവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ബഹിരാകാശ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണെന്ന് ഐഎസ്ആർഒ പറഞ്ഞു. വിക്ഷേപണ വാഹനങ്ങൾ, സാധാരണ ഉപഗ്രഹങ്ങൾ, മറ്റ് പക്വമായ സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമാണത്തിൽ സ്വകാര്യ വ്യവസായങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടുതൽ അവസരം നൽകും. സാങ്കേതികവിദ്യകൾ വ്യവസായത്തിന് കൈമാറുന്നത് ഐഎസ്ആർഒ ആ മേഖലയിൽനിന്ന് പിന്മാറുന്നതായി കാണേണ്ടതില്ലെന്നും ഏജൻസി വ്യക്തമാക്കി. അതേസമയം, മനുഷ്യ ബഹിരാകാശ യാത്ര, അടുത്ത തലമുറടൈൽ വിക്ഷേപണ സംവിധാനങ്ങൾ, ആഴത്തിലുള്ള ബഹിരാകാശ-ഗ്രഹ പര്യവേക്ഷണം, അത്യാധുനിക പേലോഡുകൾ, സെൻസറുകൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പക്വമായ സാങ്കേതികവിദ്യകളുടെ ഉത്പാദനം വ്യവസായം ഏറ്റെടുക്കുന്നതിലൂടെ ഭാവിയിലെ ഗവേഷണങ്ങൾക്കും സങ്കീർണമായ ദൗത്യങ്ങൾക്കുമായി കൂടുതൽ വിഭവങ്ങൾ വിനിയോഗിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയുമെന്നാണ് വിശദീകരണം. മാറ്റം ഐഎസ്ആർഒയുടെ പ്രാധാന്യത്തിലല്ലെന്നും, ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെയും അതിന്റെ ഘടനയുടെയും വ്യാപ്തി വർധിക്കുന്നതിലാണെന്നും ഏജൻസി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലും താരമായി കേരള പൊലീസ്; പിന്നാല ഉന്നത ഉദ്യോഗസ്ഥരും

സാമൂഹികമാധ്യമങ്ങളിൽ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പൊലീസ് സേനയായി കേരള പൊലീസ്. ന്യൂയോർക്ക് പൊലീസിനെ മറികടന്നാണ് കേരള പൊലീസ് ഒന്നാമതെത്തിയത്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും 23 ലക്ഷം വീതം ഫോളോവേഴ്‌സാണ് കേരള പൊലീസിനുള്ളത്. ഇതിന് പിന്നാലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും സോഷ്യൽ മീഡിയയിൽ താരങ്ങളാകുകയാണ്. ആഘോഷങ്ങൾ, പൊലീസ് പരിപാടികൾ, ബോധവത്കരണ വീഡിയോകൾ, വ്യക്തിപരമായ അനുഭവങ്ങൾ തുടങ്ങിയവ പങ്കുവെക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയെ ഇൻസ്റ്റഗ്രാമിൽ 1.15 ലക്ഷം പേരും എ.ഡി.ജി.പി. പി. വിജയനെ 24,400 പേരും പിന്തുടരുന്നു. ഡി.ജി.പി. മനോജ് എബ്രഹാമിന് ഫെയ്‌സ്ബുക്കിൽ 93,000-ത്തോളം ഫോളോവേഴ്‌സുണ്ട്. ജയിൽ ഡി.ജി.പി. എസ്. ശ്രീജിത്ത്, കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് തുടങ്ങിയവരും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. കണ്ണൂർ ജില്ലാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനും 46,500 ഫോളോവേഴ്‌സുണ്ട്. പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾക്കൊപ്പം സൗഹൃദപരമായ ഉള്ളടക്കങ്ങളും പങ്കുവെക്കുന്നതാണ് ഈ അക്കൗണ്ടുകളുടെ ജനപ്രീതി വർധിപ്പിക്കുന്നത്.