മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; അമിതനിരക്ക് പരാതിയിൽ നിർദേശം

അമിത നിരക്ക് ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മൾട്ടിപ്ലക്സ് തിയറ്ററുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിയറ്ററുകളിലെ ഭക്ഷണശാലകളും വിൽപ്പന കൗണ്ടറുകളും പരിശോധിച്ച ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കളുടെ വിലയും അളവും രേഖകളും പരിശോധിച്ചു.

ഭക്ഷ്യവസ്തുക്കൾക്ക് ഈടാക്കുന്ന വില, പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എം.ആർ.പി., വിൽപ്പന അളവ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ നിയമലംഘനമോ ക്രമക്കേടുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, ഉപഭോക്താക്കൾക്ക് സാധനങ്ങളുടെ വില വ്യക്തമായി മനസ്സിലാക്കാൻ വിലവിവര പട്ടിക സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ തിയറ്റർ അധികൃതർക്ക് നിർദേശം നൽകി.

മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നിരക്കിലാണ് തിയറ്ററുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതെങ്കിലും, എം.ആർ.പി.യേക്കാൾ അധികം വില ഈടാക്കുന്ന സാഹചര്യത്തിൽ മാത്രമേ നിലവിലെ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിയറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വില സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *