ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കില്ല; സ്വകാര്യപങ്കാളിത്തം വികസിപ്പിക്കുകയാണ് ലക്ഷ്യം

ഐഎസ്ആർഒയെ സ്വകാര്യവൽക്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നത് ഐഎസ്ആർഒയുടെ പങ്ക് ഇല്ലാതാക്കാനല്ലെന്നും ഏജൻസി വ്യക്തമാക്കി. ബഹിരാകാശ ഗവേഷണം, നൂതന സാങ്കേതികവിദ്യ, ദേശീയ-തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഐഎസ്ആർഒയുടെ നേതൃത്വം തുടരുമെന്നും അറിയിച്ചു.

2020 മുതൽ നടപ്പാക്കിയ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളും 2023ലെ ഇന്ത്യൻ ബഹിരാകാശ നയവും ലക്ഷ്യമിടുന്നത് കൂടുതൽ ശക്തവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ബഹിരാകാശ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണെന്ന് ഐഎസ്ആർഒ പറഞ്ഞു. വിക്ഷേപണ വാഹനങ്ങൾ, സാധാരണ ഉപഗ്രഹങ്ങൾ, മറ്റ് പക്വമായ സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമാണത്തിൽ സ്വകാര്യ വ്യവസായങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടുതൽ അവസരം നൽകും. സാങ്കേതികവിദ്യകൾ വ്യവസായത്തിന് കൈമാറുന്നത് ഐഎസ്ആർഒ ആ മേഖലയിൽനിന്ന് പിന്മാറുന്നതായി കാണേണ്ടതില്ലെന്നും ഏജൻസി വ്യക്തമാക്കി.

അതേസമയം, മനുഷ്യ ബഹിരാകാശ യാത്ര, അടുത്ത തലമുറടൈൽ വിക്ഷേപണ സംവിധാനങ്ങൾ, ആഴത്തിലുള്ള ബഹിരാകാശ-ഗ്രഹ പര്യവേക്ഷണം, അത്യാധുനിക പേലോഡുകൾ, സെൻസറുകൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പക്വമായ സാങ്കേതികവിദ്യകളുടെ ഉത്പാദനം വ്യവസായം ഏറ്റെടുക്കുന്നതിലൂടെ ഭാവിയിലെ ഗവേഷണങ്ങൾക്കും സങ്കീർണമായ ദൗത്യങ്ങൾക്കുമായി കൂടുതൽ വിഭവങ്ങൾ വിനിയോഗിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയുമെന്നാണ് വിശദീകരണം. മാറ്റം ഐഎസ്ആർഒയുടെ പ്രാധാന്യത്തിലല്ലെന്നും, ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെയും അതിന്റെ ഘടനയുടെയും വ്യാപ്തി വർധിക്കുന്നതിലാണെന്നും ഏജൻസി വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *