സെപ്റ്റംബറിലും പൊള്ളും ചൂട്; കേരളത്തിൽ അസഹനീയ കാലാവസ്ഥ

മഴക്കാലം അവസാനിക്കാത്ത സെപ്റ്റംബറിൽ കേരളത്തിൽ ചൂട് കനക്കുന്നു. ഇടവപ്പാതിയുടെ പ്രതീതിയില്ലാതെ വേനൽക്കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല ജില്ലകളിലും പകൽ താപനില ഉയരുന്നത്. കാലാവസ്ഥയിലെ ഈ അസാധാരണ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സാധാരണ നിലയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതോടെയാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്.

പകൽ സമയത്ത് മാത്രമല്ല, പുലർച്ചെയുള്ള താപനിലയിലും കാര്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലേറെയാണ് പല പ്രദേശങ്ങളിലും പുലർച്ചെയുള്ള ചൂട്. ഇതിന് പിന്നാലെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും 75 മുതൽ 90 ശതമാനം വരെയാണ് ഹ്യൂമിഡിറ്റി രേഖപ്പെടുത്തുന്നത്. ചൂടിനൊപ്പം ഈർപ്പവും കൂടുന്നതോടെ ശരീരത്തിന് ചൂട് കൂടുതൽ അനുഭവപ്പെടുകയും അസ്വസ്ഥത വർധിക്കുകയും ചെയ്യുന്നു.

മഴ ലഭിക്കേണ്ട സമയത്ത് വെയിലും ഉയർന്ന ഈർപ്പവും തുടരുന്നത് ജനജീവിതത്തെയും ബാധിക്കുന്നുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമാണ് ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉച്ചസമയത്തെ കടുത്ത വെയിൽ നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണമെന്നാണ് നിർദേശം. വരും ദിവസങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതുവരെ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *