എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ചെയ്യാം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്ക് ചെയ്യാൻ കാത്തിരിക്കേണ്ടിയിരുന്നത്. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും വിതരണം ചെയ്യാനുള്ള ബുക്കിങ്ങുകളുടെ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് നൽകിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് പുതിയ തീരുമാനം ബാധകമാണ്.

യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജവിപണിയെയും ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 12 മുതലാണ് ഗാർഹിക എൽപിജി ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾ അധിക സിലിണ്ടറുകൾ ബുക്ക് ചെയ്ത് സംഭരിക്കുന്നത് തടയാനും ലഭ്യമായ എൽപിജി എല്ലാവർക്കും തുല്യമായി വിതരണം ഉറപ്പാക്കാനുമായിരുന്നു നിയന്ത്രണം. രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും കേന്ദ്രസർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *