പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഗുണനിലവാരമില്ലാത്ത മരുന്ന് ലഭിച്ചതായി പരാതി. ദഹനപ്രശ്നത്തിന് ഡോക്ടർ നിർദേശിച്ച റാണിറ്റിഡിൻ ഗുളികകളാണ് കുഴമ്പ് പരുവത്തിലായ നിലയിൽ ലഭിച്ചതെന്ന് ഇലന്തൂർ സ്വദേശി സുനിൽ കുമാർ ആരോപിച്ചു. മരുന്നിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഗുളികകൾക്ക് രൂപമാറ്റം സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.
ഒരു ഗുളിക കഴിച്ചതിന് പിന്നാലെ വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും സുനിൽ കുമാർ പറഞ്ഞു. 2027 മെയ് വരെ കാലാവധിയുള്ള മരുന്നാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മരുന്ന് വീട്ടിൽ ഈർപ്പമുള്ള സ്ഥലത്ത് സൂക്ഷിച്ചതിനെ തുടർന്നാകാം കേടായതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ സുനിൽ കുമാർ പരാതി നൽകി. ആരോഗ്യവകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ ദിശയിലും പരാതി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്.





