യു.കെയിലെ രണ്ട് ഡയറി ഫാമുകളിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു

യു.കെയിൽ കന്നുകാലികൾക്കിടയിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇംഗ്ലണ്ടിലെ ശ്രോപ്ഷെയറിലും വെയിൽസിലെ പൊവിസിലുമുള്ള രണ്ട് ഡയറി ഫാമുകളിലെ പശുക്കൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധയേറ്റ കന്നുകാലികളിൽ പനി, കടുത്ത വയറിളക്കം, ശാരീരിക തളർച്ച, പാലുൽപ്പാദനത്തിൽ പെട്ടെന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. അതേസമയം, വൈറസ് ബാധ റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ലെന്നും നിലവിൽ പ്രത്യേക രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും യു.കെയിലെ ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. 2026 ഒക്ടോബറിൽ ഫ്രാൻസിലാണ് ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയുള്ള മൃഗങ്ങൾ കാണപ്പെടുന്ന പ്രദേശത്തായിരുന്നു രോഗി താമസിച്ചിരുന്നതെന്നും പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ഓപ്പറേഷൻ തൂഫാൻ: 13,793 പരാതികൾ ലഭിച്ചു; ലഹരിക്കടത്ത് സംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടുന്നു

മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് മികച്ച ജനപിന്തുണയെന്ന് നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ. ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം ഫോൺ വഴി 8,125 പരാതികളും വാട്സാപ്പിലൂടെ 5,668 പരാതികളുമാണ് ലഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 40 പേരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു. 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനായി 2,500 ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഐ.ജി. അറിയിച്ചു.

‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നസ്ലിൻ പിന്മാറിയിട്ടില്ലവാർത്തകൾ തള്ളി സംവിധായകൻ

അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നസ്ലിൻ പിന്മാറിയെന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ. നസ്ലിനെ ഒരിക്കലും ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നില്ലെന്നും പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ അജിത്തിന്റെ മകനായുള്ള കഥാപാത്രത്തിന് സ്ക്രീൻ സ്പേസ് കുറവായതിനാൽ നസ്ലിനെപ്പോലൊരു ഭാവി നായകനു ആ വേഷം അനുയോജ്യമാകില്ലെന്ന് താൻ കരുതിയതായും ആദിക് പറഞ്ഞു. അജിത്ത്–നസ്ലിൻ കോമ്പിനേഷൻ മികച്ചതാകുമെങ്കിലും മുഴുനീള അച്ഛൻ–മകൻ ചിത്രമായിരുന്നെങ്കിൽ മാത്രമേ അത് കൂടുതൽ അനുയോജ്യമാകുമായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാതാക്കളായ മൈത്രി പിക്ചേഴ്സാണ് നസ് ലെനെ ചിത്രത്തിലേക്ക് പരിഗണിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽവച്ച് താരവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തതിനാൽ ആലോചനയുമായി മുന്നോട്ടുപോയില്ലെന്നും ആദിക് വ്യക്തമാക്കി.

മൂന്ന് തവണ നിരസിച്ചു, നാലാം തവണ സമ്മതംനസ്രിയയെക്കുറിച്ച് സൂര്യയുടെ വെളിപ്പെടുത്തൽ

സൂര്യയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീനി’ന്റെ പ്രീ-റിലീസ് ചടങ്ങിൽ രസകരമായ വെളിപ്പെടുത്തലുമായി നടൻ സൂര്യ. നസ്രിയയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും ഇതിനായി മൂന്ന് തവണ സമീപിച്ചെങ്കിലും താരം ക്ഷണം നിരസിച്ചെന്നും സൂര്യ പറഞ്ഞു. എന്നാൽ നാലാം തവണ ക്ഷണിച്ചപ്പോൾ നസ്രിയ സമ്മതം അറിയിക്കുകയായിരുന്നുവെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ താരം വെളിപ്പെടുത്തി. നസ്രിയയിലെ അഭിനേതാവിനോട് തനിക്ക് വലിയ ഇഷ്ടമാണെന്നും അവരുടെ ആത്മവിശ്വാസവും കൃത്യതയും അഭിനയത്തോടുള്ള അർപ്പണബോധവും ഏറെ ആകർഷിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഓരോ സീനിനും മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളും നസ്രിയയുടെ സ്വാഭാവികമായ അഭിനയശൈലിയും എടുത്തുപറഞ്ഞ താരം, ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ നസ്രിയയ്ക്ക് സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സിനിമയിലെ ഫൈറ്റ് രംഗങ്ങൾക്കായി നസ്രിയ നടത്തിയ കഠിനാധ്വാനത്തെയും സൂര്യ പ്രശംസിച്ചു. സിനിമയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും അതേ ഊർജവും ആവേശവും നസ്രിയയിൽ നിലനിൽക്കുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ ചിത്രത്തിലേക്ക് ഒടുവിൽ സമ്മതം അറിയിച്ചതിന് നസ്രിയയോട് നന്ദിയും സൂര്യ വേദിയിൽ പങ്കുവെച്ചു.

ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം; റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തിരിച്ചടി നൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രനേട്ടം. ദീർഘകാലമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച രാഷ്ട്രീയ കോട്ടകളായി അറിയപ്പെട്ടിരുന്ന ഇരു സംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ സ്വന്തമാക്കിയാണ് ഡെമോക്രാറ്റുകൾ നിർണായക മുന്നേറ്റം നടത്തിയത്. ടെക്സസിൽ 1988-നുശേഷം ആദ്യമായും കാൻസസിൽ 1932-നുശേഷം ആദ്യമായുമാണ് ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകളിൽ വിജയിക്കുന്നത്. ടെക്സസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അറ്റോർണി ജനറലുമായ കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലാരിക്കോ വിജയിച്ചു. ജീവിതച്ചെലവിലെ വർധനവും സാധാരണക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയാണ് മുൻ അധ്യാപകൻ കൂടിയായ തലാരിക്കോ ജനപിന്തുണ നേടിയത്. കാൻസസിൽ നിലവിലെ സെനറ്റർ റോജർ മാർഷലിനെ തോൽപ്പിച്ച് ഡെമോക്രാറ്റ് സ്ഥാനാർഥി ആദം ഹാമിൽട്ടണും വിജയിച്ചു. ഇതോടെ ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം സംസ്ഥാനത്ത് ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ പ്രാതിനിധ്യം ലഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഡെമോക്രാറ്റുകളുടെ മുന്നേറ്റം റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപ് ഭരണകൂടത്തിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജീവിതച്ചെലവ്, കുടിയേറ്റം, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നേടാനുള്ള ഡെമോക്രാറ്റുകളുടെ സാധ്യത വർധിപ്പിക്കുന്നതാണ് ഈ വിജയങ്ങൾ.

ആക്ഷനും സ്റ്റൈലും നിറച്ച് ‘ബാച്ച്‌ലർ പാർട്ടി Deux’ട്രെയിലർ പുറത്ത്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്തിറങ്ങി. സ്റ്റൈലിഷ് താരാവതരണവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കിടിലൻ പശ്ചാത്തല സംഗീതവും നിറഞ്ഞ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടുകയാണ്. ഒരു പക്കാ അമൽ നീരദ് ചിത്രത്തിന്റെ എല്ലാ ചേരുവകളും ട്രെയിലറിൽ പ്രകടമാണ്. 2012ൽ പുറത്തിറങ്ങിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ചിത്രത്തിൽ നസ്‌ലിൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, രജിഷ വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യഭാഗം പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യത പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർത്തിയിട്ടുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

രണ്ടിലധികം കുട്ടികളുള്ളവർക്ക് തിരഞ്ഞെടുപ്പ് വിലക്ക്; പ്രസക്തി നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി

ഇന്ത്യയിലെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങളുണ്ടായെന്നും ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലെ യുക്തി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ കക്കോഡ പഞ്ചായത്ത് മുൻ സർപഞ്ച് മംഗല ഭീംറാവിന്റെ അയോഗ്യത റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. മൂന്നാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്നാണ് മംഗലയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയത്. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. 2000 സെപ്റ്റംബർ 13 മുതൽ മഹാരാഷ്ട്രയിൽ രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. ഹരിയാണയിലും സമാന നിയമം നിലവിലുണ്ട്. ഈ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ 2003ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിയമം ശരിവെച്ചിരുന്നു. എന്നാൽ നിലവിലെ ജനസംഖ്യാപരമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

ഏഴുമാസമായി ശമ്പളമില്ല; ദുരിതത്തിലായി സ്പെഷ്യൽ സ്കൂൾ അധ്യാപകർ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇരുന്നൂറോളം സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ ഏഴുമാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ. ഈ വർഷം ഏപ്രിൽ മുതലുള്ള വേതനമാണ് മുടങ്ങിയത്. കഴിഞ്ഞ അധ്യയനവർഷത്തെ ശമ്പളം പോലും രണ്ട് ഗഡുക്കളായാണ് നൽകിയത്. ഈ വർഷത്തെ ഗ്രാന്റ് ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ല. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നത്. വേതനം വൈകുന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. 2019ൽ 300ഓളം സ്കൂളുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം 200 ആയി കുറഞ്ഞു. കഴിഞ്ഞവർഷം മാത്രം 12 സ്കൂളുകൾ അടച്ചുപൂട്ടി. സംസ്ഥാനത്ത് എൻ.ജി.ഒകൾ ഉൾപ്പെടെയുള്ളവയുടെ നേതൃത്വത്തിൽ 2,800ലധികം സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 18 വയസ്സിൽ താഴെയുള്ള 20 കുട്ടികളെങ്കിലും വേണമെന്ന നിബന്ധന കാരണം പലതിനും സർക്കാർ അംഗീകാരം ലഭിക്കുന്നില്ല. ശമ്പളവും ഗ്രാന്റും മുടങ്ങുന്നതോടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആശ്രയമായ സ്ഥാപനങ്ങളുടെ നിലനിൽപ്പും പ്രതിസന്ധിയിലാകുകയാണ്.