മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് മികച്ച ജനപിന്തുണയെന്ന് നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ. ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം ഫോൺ വഴി 8,125 പരാതികളും വാട്സാപ്പിലൂടെ 5,668 പരാതികളുമാണ് ലഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 40 പേരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു. 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനായി 2,500 ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഐ.ജി. അറിയിച്ചു.






