സൂര്യയെ തലയ്ക്കടിക്കാൻ ആദ്യം മടി തോന്നി, ധൈര്യം നൽകി താരംഷൂട്ടിങ് അനുഭവം പങ്കുവെച്ച് നസ്ലിൻ

സൂര്യക്കൊപ്പമുള്ള രസകരമായ ഷൂട്ടിങ് അഭിനയാനുഭവങ്ങൾ പങ്കുവെച്ച് നടൻ നസ്ലിൻ. ബോട്ടിൽ കൊണ്ട് തലയ്ക്കടിക്കുന്ന രംഗം ചിത്രീകരിച്ചപ്പോൾ ആദ്യ ടേക്കുകളിൽ തനിക്ക് മടി തോന്നിയിരുന്നുവെന്നും എന്നാൽ സൂര്യ ധൈര്യം നൽകിയതോടെയാണ് രംഗം പൂർത്തിയാക്കിയതെന്നും നസ്‌ലെൻ പറഞ്ഞു. ഇരുവരുടെയും ആദ്യ കോമ്പിനേഷൻ രംഗം ഓട്ടോയിലായിരുന്നുവെന്നും താരം ഓർത്തെടുത്തു. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെങ്കിലും വിജയത്തിനു ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് നസ്ലിൻ വ്യക്തമാക്കി. താൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. സിനിമകൾ തിരഞ്ഞെടുക്കാൻ പ്രത്യേക പ്ലാനിങ്ങൊന്നും നടത്താറില്ലെന്നും കഥ കേൾക്കുമ്പോൾ താൽപര്യം തോന്നുന്ന ചിത്രങ്ങളാണ് സ്വീകരിക്കാറുള്ളതെന്നും നസ്ലിൻ പറഞ്ഞു. സിനിമയുടെ ആവശ്യത്തിനനുസരിച്ച് പരിശീലനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്താറുണ്ടെന്നും മികച്ചൊരു സിനിമ രൂപപ്പെടുത്തുന്നതിൽ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും നിർണായക പങ്കുണ്ടെന്നും താരം വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സുഹാസിനിയോട് തിരിച്ചുചോദിച്ച് ശ്രുതി ഹാസൻ; താരത്തിന്റെ വാക്കുകൾ വൈറൽ

വിവാഹം, പ്രായം, വ്യക്തിജീവിതം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം ഉയരുന്ന ചോദ്യങ്ങൾക്ക് വ്യത്യസ്തമായ മറുപടികളുമായി നടി ശ്രുതി ഹാസൻ. സംവിധായികയും നടിയുമായ സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ രസകരവും ബോൾഡുമായ പ്രതികരണങ്ങൾ ശ്രദ്ധ നേടിയത്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുന്നവർക്കു മുന്നിൽ മടിയില്ലാതെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ശ്രുതി. അഭിമുഖത്തിനിടെ പതിവായി കേൾക്കേണ്ടിവരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകാൻ സുഹാസിനി ആവശ്യപ്പെട്ടു. ‘എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത്?’ എന്ന സുഹാസിനിയുടെ ചോദ്യത്തിന്, ‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്?’ എന്നായിരുന്നു ശ്രുതിയുടെ കൗണ്ടർ. പ്രായം എത്രയാണെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നൽകാതെ ഗൂഗിളിൽ തിരഞ്ഞുനോക്കാൻ തമാശരൂപേണ നിർദേശിച്ചു. താരത്തിന്റെ ഈ മറുപടികൾ അഭിമുഖത്തിൽ ചിരി പടർത്തി. ഇതിനു പുറമെ, ശരീരഭാരത്തെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾക്കും ശ്രുതി മറുപടി നൽകി. ‘എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്, ഭക്ഷണമൊന്നും തരുന്നില്ലേ?’ എന്ന ചോദ്യത്തിന് താൻ ആവശ്യത്തിന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഫിറ്റ്നസിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി. വ്യക്തിജീവിതത്തിലും ശരീരത്തിലും മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നതിനെ തമാശയും ആത്മവിശ്വാസവും കലർത്തി നേരിട്ട ശ്രുതിയുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ദുൽഖറിന്റെ വിനയവും അഭിനയമികവിനെയും പ്രശംസിച്ച് അല്ലു അർജുൻ

നടൻ ദുൽഖർ സൽമാന്റെ അഭിനയമികവിനെയും സിനിമാ തെരഞ്ഞെടുപ്പുകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ദുൽഖറിന്റെ കരിയർ വളർച്ച ശ്രദ്ധിച്ചിട്ടുണ്ടെന്നും ഓരോ ഭാഷയിലും മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. മലയാളത്തിൽനിന്ന് തമിഴിലെത്തി മണിരത്നത്തെപ്പോലുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ച ദുൽഖർ പിന്നീട് തെലുങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെന്ന് അല്ലു അർജുൻ പറഞ്ഞു. ‘മഹാനടി’, ‘സീതാരാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ദുൽഖറിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർതാരം മമ്മൂട്ടിയുടെ മകനാണെങ്കിലും സ്റ്റാർ കിഡ് എന്നതിന്റെ യാതൊരു പ്രഭാവവും ദുൽഖറിന്റെ പെരുമാറ്റത്തിൽ പ്രകടമല്ലെന്ന് അല്ലു അർജുൻ പറഞ്ഞു. ലളിതവും വിനയപൂർവവുമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ലോക പോലുള്ള ചിത്രത്തിൽ ചെറിയൊരു കാമിയോ വേഷത്തിലും ദുൽഖർ എത്തിയ കാര്യം പരാമർശിച്ച താരം, മലയാളി അഭിനേതാക്കളിൽ തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ദുൽഖറെന്നും വ്യക്തമാക്കി.

ഉറ്റ സുഹൃത്തിൽ നിന്ന് ജീവിതപങ്കാളിയിലേക്ക്; ഗൗതവുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് കാജൽ അഗർവാൾ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് കാജൽ അഗർവാൾ. വിവാഹത്തിനും കുടുംബജീവിതത്തിനുമായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം ഇപ്പോൾ ശക്തമായ തിരിച്ചുവരവിലാണ്. ഇതിനിടെ ഭർത്താവ് ഗൗതം കിച്ച്‌ലുവുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് കാജൽ. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 13 വർഷം മുമ്പ് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ പിന്നീട് വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടർന്നു. ഇതിനിടെ മറ്റുള്ളവരുമായി ഡേറ്റ് ചെയ്തെങ്കിലും തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകത തിരിച്ചറിയുകയായിരുന്നു. കോവിഡ് കാലത്താണ് ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ഇത്തവണ വിവാഹം കഴിക്കുകയോ എന്നെന്നേക്കുമായി പിരിയുകയോ ചെയ്യണമെന്ന നിലപാടാണ് താൻ ഗൗതമിനോട് വ്യക്തമാക്കിയതെന്നും കാജൽ പറഞ്ഞു. 2020 ഒക്ടോബർ 30-ന് മുംബൈയിൽ വെച്ചായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ഏപ്രിലിൽ ദമ്പതികൾക്ക് നീൽ എന്ന മകൻ ജനിച്ചു. ബിസിനസുകാരനായ ഗൗതമിനൊപ്പം കുടുംബജീവിതം ആസ്വദിക്കുന്ന കാജൽ സിനിമയിലും സജീവമാണ്. ‘ക്യൂൻ ഹോ ഗയാ നാ’യിലൂടെ അഭിനയരംഗത്തെത്തിയ താരം ‘തുപ്പാക്കി’, ‘ജില്ല’, ‘വിവേഗം’, ‘മെർസൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയ സാന്നിധ്യമായി.

വിലകുറഞ്ഞ ഡ്രോണുകൾ യുദ്ധതന്ത്രങ്ങൾ മാറ്റുന്നു: സംയുക്ത സൈനിക മേധാവി

കുറഞ്ഞ ചെലവിലുള്ള ഡ്രോണുകളുടെയും ആയുധങ്ങളുടെയും വ്യാപകമായ ഉപയോഗം ആധുനിക യുദ്ധരീതികളെ മാറ്റിമറിക്കുകയാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രമണി. ന്യൂഡൽഹിയിൽ നടന്ന എഎൻഐ നാഷണൽ സെക്യൂരിറ്റി സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3,000 ഡോളർ വിലയുള്ള ഡ്രോണിനെ തകർക്കാൻ 10 ലക്ഷം ഡോളറിന്റെ മിസൈൽ ഉപയോഗിക്കേണ്ടിവരുന്നത് പ്രതിരോധച്ചെലവ് വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞ ചെലവിൽ വൻതോതിൽ നിർമ്മിക്കാവുന്ന ആയുധങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എഐ, ഡാറ്റ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ നിയന്ത്രണത്തിനായി അമേരിക്കയും ചൈനയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സൈനികവും സാമ്പത്തികവുമായ ശക്തി നേടാൻ ഇത്തരം സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ യുദ്ധങ്ങളിൽ രാജ്യത്തിന്റെ മുഴുവൻ പ്രദേശവും യുദ്ധക്കളമായി മാറാമെന്നും ജനറൽ മുന്നറിയിപ്പ് നൽകി. വ്യവസായങ്ങൾ, ഊർജകേന്ദ്രങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ, ഡാറ്റാ സെന്ററുകൾ, സാധാരണ ജനങ്ങൾ എന്നിവരെല്ലാം ആക്രമണഭീഷണി നേരിടാൻ സാധ്യതയുണ്ടെന്നും സമ്പൂർണ സുരക്ഷിതത്വം ഇനി ആർക്കും ഉറപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2027-ൽ രണ്ട് ലക്ഷം പേർക്ക് അധികമായി സ്ഥിരതാമസാനുമതി നൽകാൻ കാനഡ

2027-ൽ രണ്ട് ലക്ഷം താൽക്കാലിക താമസക്കാർക്ക് സ്ഥിരതാമസാനുമതി (PR) നൽകാൻ ഒരുങ്ങി കാനഡ. ‘ടെമ്പററി റസിഡന്റ് ടു പെർമനന്റ് റസിഡന്റ്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പേർക്ക് സാമ്പത്തിക കുടിയേറ്റ വിഭാഗത്തിലും മറ്റൊരു ലക്ഷം പേർക്ക് പ്രത്യേക വിഭാഗങ്ങളിലുമായാണ് അനുമതി നൽകുക. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി യോഗ്യത നേടിയ തൊഴിലാളികൾ, സ്റ്റാർട്ട്-അപ്പ് വിസ, സെൽഫ് എംപ്ലോയ്ഡ് പേഴ്‌സൺസ്, ആഗ്രി-ഫുഡ് പൈലറ്റ്, ഹോംകെയർ വർക്കേഴ്സ് പദ്ധതികളിലെ അപേക്ഷകർ എന്നിവരാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ ഹോങ്കോങ് പൗരന്മാർ, കാനഡയിൽ കുടുംബാംഗങ്ങളുള്ള ഉക്രൈൻ പൗരന്മാർ, മാനുഷിക പരിഗണനയിൽ അംഗീകാരം ലഭിച്ചവർ, കനേഡിയൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും ചില കുടുംബാംഗങ്ങൾ എന്നിവർക്കാണ് അവസരം. ഈ ആനുകൂല്യം ലഭിക്കാൻ അർഹരായവർ പ്രത്യേകം അപേക്ഷിക്കുകയോ അധിക നടപടികൾ സ്വീകരിക്കുകയോ വേണ്ടതില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി. 2027-ലെ സാധാരണ വാർഷിക കുടിയേറ്റ ലക്ഷ്യമായ 3.8 ലക്ഷം സ്ഥിരതാമസാനുമതികൾക്ക് പുറമെയാണ് ഈ രണ്ട് ലക്ഷം അധിക അനുമതികൾ. ഇതോടെ 2027-ൽ കാനഡയിൽ സ്ഥിരതാമസാനുമതി ലഭിക്കുന്നവരുടെ എണ്ണം 5.8 ലക്ഷമായി ഉയർന്നേക്കും.

പത്താൻകോട്ടിൽ തോക്കുചൂണ്ടി എസ്‌യുവി കവർന്നു; ജമ്മു ദേശീയപാതയിൽ ജാഗ്രത ശക്തം

പഞ്ചാബിലെ പത്താൻകോട്ടിൽ തോക്കുചൂണ്ടി മഹീന്ദ്ര എക്‌സ്‌യുവി കാർ കവർന്ന് അജ്ഞാതസംഘം. നഗരമധ്യത്തിൽ ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പിബി-35-എഎ-9902 നമ്പറിലുള്ള വെള്ള നിറത്തിലുള്ള എസ്‌യുവിയുമായി സംഘം ഗുർദാസ്പുർ ഭാഗത്തേക്ക് കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് ജമ്മു ദേശീയപാതയിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. മോഷ്ടിച്ച വാഹനം ജമ്മു കശ്മീരിലെ ലഖൻപൂരിലേക്ക് കടന്നതായി ആദ്യം സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ഗുർദാസ്പുർ ഭാഗത്തേക്കാണ് പോയതെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗുർദാസ്പുരിൽ പോലീസ് വാഹനപരിശോധന ശക്തമാക്കി. ബാബ്രി ബൈപ്പാസിലെ ഹൈടെക് ചെക്ക്പോസ്റ്റിലും പരിശോധനയും നിരീക്ഷണവും ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് പോലീസ് അറിയിച്ചത്. പ്രദേശത്തേക്ക് എത്തുന്നതും പുറത്തേക്ക് പോകുന്നതുമായ ഇരുചക്ര, നാലുചക്ര വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. സംശയം തോന്നുന്ന യാത്രക്കാരെ തടഞ്ഞുനിർത്തി യാത്രയുടെ ഉദ്ദേശ്യം, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം തുടങ്ങിയ വിവരങ്ങളും പോലീസ് ചോദിച്ചറിയുന്നുണ്ട്.

ഝാർഖണ്ഡിൽ ഖനനത്തിനായി 928 ഹെക്ടർ വനഭൂമി വിട്ടുനൽകാൻ അനുമതി

ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ അശോക് വിപുലീകരണ ഓപ്പൺകാസ്റ്റ് കൽക്കരി ഖനന പദ്ധതിക്കായി 928.03 ഹെക്ടർ വനഭൂമി വിട്ടുനൽകാനുള്ള നിർദേശത്തിന് വനം ഉപദേശക സമിതി അംഗീകാരം നൽകി. പദ്ധതിയിലൂടെ ഖനനത്തിന്റെ വാർഷിക ഉൽപ്പാദനശേഷി രണ്ട് കോടി ടണ്ണായി ഉയർത്തും. ഇതിനായി 2.43 ലക്ഷം സാൽ മരങ്ങൾ ഉൾപ്പെടെ 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഖനനവ്യാപനം വനനശീകരണത്തിനും ആനകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണത്തിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്. ആനകൾ, കഴുതപ്പുലികൾ, കുറുനരികൾ, ബംഗാൾ കുറുക്കന്മാർ, പെരുമ്പാമ്പുകൾ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. പദ്ധതി നടപ്പാകുന്നതോടെ മനുഷ്യ-ആന സംഘർഷം വർധിക്കാനും കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങാനും സാധ്യതയുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഖനനം ആരംഭിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വന്യജീവി പരിപാലന പദ്ധതി തയ്യാറാക്കണമെന്ന് സമിതി നിർദേശിച്ചു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ആഘാതവും പരിപാലന നടപടികളുടെ ഫലപ്രാപ്തിയും നിരീക്ഷിക്കണമെന്നും ഇതിന്റെ മുഴുവൻ ചെലവും ഖനനക്കമ്പനി വഹിക്കണമെന്നും നിർദേശമുണ്ട്.