വിവാഹം, പ്രായം, വ്യക്തിജീവിതം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം ഉയരുന്ന ചോദ്യങ്ങൾക്ക് വ്യത്യസ്തമായ മറുപടികളുമായി നടി ശ്രുതി ഹാസൻ. സംവിധായികയും നടിയുമായ സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ രസകരവും ബോൾഡുമായ പ്രതികരണങ്ങൾ ശ്രദ്ധ നേടിയത്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുന്നവർക്കു മുന്നിൽ മടിയില്ലാതെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ശ്രുതി.
അഭിമുഖത്തിനിടെ പതിവായി കേൾക്കേണ്ടിവരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകാൻ സുഹാസിനി ആവശ്യപ്പെട്ടു. ‘എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത്?’ എന്ന സുഹാസിനിയുടെ ചോദ്യത്തിന്, ‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്?’ എന്നായിരുന്നു ശ്രുതിയുടെ കൗണ്ടർ. പ്രായം എത്രയാണെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നൽകാതെ ഗൂഗിളിൽ തിരഞ്ഞുനോക്കാൻ തമാശരൂപേണ നിർദേശിച്ചു. താരത്തിന്റെ ഈ മറുപടികൾ അഭിമുഖത്തിൽ ചിരി പടർത്തി.
ഇതിനു പുറമെ, ശരീരഭാരത്തെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾക്കും ശ്രുതി മറുപടി നൽകി. ‘എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്, ഭക്ഷണമൊന്നും തരുന്നില്ലേ?’ എന്ന ചോദ്യത്തിന് താൻ ആവശ്യത്തിന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഫിറ്റ്നസിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി. വ്യക്തിജീവിതത്തിലും ശരീരത്തിലും മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നതിനെ തമാശയും ആത്മവിശ്വാസവും കലർത്തി നേരിട്ട ശ്രുതിയുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.






