പഞ്ചാബിലെ പത്താൻകോട്ടിൽ തോക്കുചൂണ്ടി മഹീന്ദ്ര എക്‌സ്‌യുവി കാർ കവർന്ന് അജ്ഞാതസംഘം. നഗരമധ്യത്തിൽ ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പിബി-35-എഎ-9902 നമ്പറിലുള്ള വെള്ള നിറത്തിലുള്ള എസ്‌യുവിയുമായി സംഘം ഗുർദാസ്പുർ ഭാഗത്തേക്ക് കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് ജമ്മു ദേശീയപാതയിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
മോഷ്ടിച്ച വാഹനം ജമ്മു കശ്മീരിലെ ലഖൻപൂരിലേക്ക് കടന്നതായി ആദ്യം സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ഗുർദാസ്പുർ ഭാഗത്തേക്കാണ് പോയതെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗുർദാസ്പുരിൽ പോലീസ് വാഹനപരിശോധന ശക്തമാക്കി. ബാബ്രി ബൈപ്പാസിലെ ഹൈടെക് ചെക്ക്പോസ്റ്റിലും പരിശോധനയും നിരീക്ഷണവും ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് പോലീസ് അറിയിച്ചത്. പ്രദേശത്തേക്ക് എത്തുന്നതും പുറത്തേക്ക് പോകുന്നതുമായ ഇരുചക്ര, നാലുചക്ര വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. സംശയം തോന്നുന്ന യാത്രക്കാരെ തടഞ്ഞുനിർത്തി യാത്രയുടെ ഉദ്ദേശ്യം, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം തുടങ്ങിയ വിവരങ്ങളും പോലീസ് ചോദിച്ചറിയുന്നുണ്ട്.






